| Saturday, 23rd May 2015, 10:23 am

ജിന്ന് വിവാദം: ചെറുവാടി സലഫി പള്ളിയില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടിയത്തൂര്‍: ജിന്ന് വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചെറുവാടി കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിന്റെ കീഴിലുള്ള സലഫി പള്ളിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് മുജാഹിദ് ഔദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവും വെറെ വേറെ ഖുതുബയും നമസ്‌കാരവും നടത്തി.

രണ്ടാഴ്ചമുമ്പ് ജുമുഅ പ്രസംഗത്തില്‍ ജിന്നിനെപ്പറ്റി പരാമര്‍ശിച്ചത് ചിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്. ഇതേത്തുടര്‍ന്ന് കെ.എന്‍.എമ്മില്‍നിന്ന് ഒരുവിഭാഗത്തെ പുറത്താക്കിയിരുന്നു. പള്ളിയുടെ നടത്തിപ്പിനും ആരാധനകള്‍ക്കുമെല്ലാം നേതൃത്വം കൊടുത്തിരുന്നത് നടപടിക്ക് വിധേയരായ വിഭാഗമായിരുന്നു.

ഇതിനത്തെുടര്‍ന്ന് മുജാഹിദ് ഔദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവും ചേര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് സഹായത്തോടെ മറ്റൊരു പണ്ഡിതന്റെ നേതൃത്വത്തില്‍ ഖുതുബ നടത്തി. എന്നാല്‍, ഈ വെള്ളിയാഴ്ചയിലെ ഖുതുബക്ക് ഔദ്യോഗിക വിഭാഗവും മറുവിഭാഗവും വെവ്വേറെ ഖത്തീബുമാരെ കൊണ്ടുവന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

നാലുവര്‍ഷത്തോളമായി സ്ഥിരം ഖുതുബ നടത്തുന്ന ശാഫി മൗലവി വെള്ളിയാഴ്ച നേരത്തെതന്നെ പ്രസംഗപീഠത്തില്‍ കയറിയിരുന്നു. എന്നാല്‍, ഔദ്യോഗിക വിഭാഗത്തിന്റെ ഇമാം സി.വി. അബ്ദുല്ല ഖുതുബ നടത്തണമെന്നായിരുന്നു പോലീസ് നിര്‍ദേശം. ഔദ്യോഗിക വിഭാഗം മിമ്പറിനുതാഴെ സ്റ്റൂളിട്ട് പ്രസംഗം തുടങ്ങിയപ്പോള്‍ പ്രസംഗപീഠത്തില്‍ ശാഫി മൗലവിയുടെ സമാന്തര ഖുതുബയും നടന്നു.

പ്രസംഗത്തിനുശേഷം ശാഫി മൗലവി നമസ്‌കാരത്തിനു ശ്രമിച്ചു. എന്നാല്‍ പോലീസ് ഇടപെട്ടു തടയുകയും ഔദ്യോഗിക വിഭാഗത്തിനു നമസ്‌കരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഈ സമയം മടവൂര്‍ വിഭാഗം പള്ളിയ്ക്ക്  പുറത്ത് ഇറങ്ങി നിന്നു. ഔദ്യോഗിക വിഭാഗത്തിന്റെ നമസ്‌കാരത്തിനുശേഷം മടവൂര്‍ വിഭാഗം പള്ളിയിലേക്കു കയറുകയും നമസ്‌കരിക്കുകയും ചെയ്തു.

അതിനിടെ ആദര്‍ശ വ്യതിയാനും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനം എന്നീ കാരണങ്ങളാലാണ് കെ.എന്‍.എമ്മില്‍ നിന്നും ഏതാനും മടവൂര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരെ പുറത്താക്കിയതെന്നാണ് മുജാഹിദ് വിഭാഗം നല്‍കുന്ന വിശദീകരണം. ഇവരാണ് സലഫി പള്ളിയില്‍ സംഘര്‍ഷത്തിനു ശ്രമിച്ചതെന്നും ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു.

എന്നാല്‍ കെ.എന്‍.എം ഔദ്യോഗിക വിഭാഗവും തങ്ങളും സംയുക്തമായാണ് മുജാഹിദ് ആദര്‍ശനത്തിനെതിരായ ജിന്ന് പരാമര്‍ശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ടത് എന്നാണ് മടവൂര്‍ വിഭാഗം പറയുന്നത്. സലഫി ആശയത്തിനെതിരെ മിമ്പര്‍ ദുരുപയോഗം ചെയ്യുന്നത് ഒറ്റക്കെട്ടായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more