ജിന്നയുടെ ചിത്രം ഞങ്ങള്‍ക്ക് വിഷയമേയല്ല; വിവാദമുണ്ടാക്കുന്നത് പേരില്‍ 'മുസ്‌ലിം' ഉള്ളതിനാലെന്ന് എ.എം.യുവിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും
Aligarh Muslim University
ജിന്നയുടെ ചിത്രം ഞങ്ങള്‍ക്ക് വിഷയമേയല്ല; വിവാദമുണ്ടാക്കുന്നത് പേരില്‍ 'മുസ്‌ലിം' ഉള്ളതിനാലെന്ന് എ.എം.യുവിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 7:34 pm

ആഗ്ര: അലിഗഢ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളായിട്ടുള്ള മുഹമ്മദലി ജിന്നയുടെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ജിന്നയുടെ രാഷ്ട്രീയവുമായി അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥി യൂണിയനോ യോജിപ്പില്ലെന്നും ഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം. ജിന്നയുടെ ചിത്രം വച്ചത് അദ്ദേഹത്തിന്റെ ആജീവനാന്ത അംഗത്വം പരിഗണിച്ച് മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

“1938 ല്‍ ജിന്നയ്ക്ക് സര്‍വകലാശാലയുടെ ആജീവനാന്ത ഹോണററി അംഗത്വം നല്‍കിയത് മുതല്‍ ചിത്രം യൂണിയന്‍ ഹാളിലുണ്ട്. ഇന്ത്യയുടെ വിഭജനത്തിന് ഒന്‍പത് വര്‍ഷം മുന്‍പാണത്.” – എ.എം.യുവിലെ പ്രൊഫസറായ എം. ഷാഫി കിഡ്വായ് ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞു. (പ്രമുഖ വ്യക്തികള്‍ക്ക് ആജീവനാന്ത അംഗത്വം നല്‍കുകയും അവരുടെ ചിത്രങ്ങള്‍ യൂണിയന്‍ ഹാളില്‍ സ്ഥാപിക്കുകയും ചെയ്യുന്ന രീതി എ.എം.യുവില്‍ വളരെക്കാലമായുണ്ട്.)


Read | യു.പിയില്‍ ദുരന്തമുണ്ടായിട്ടും യോഗി കര്‍ണാടകയില്‍; സിദ്ധരാമയ്യയുടെ വിമര്‍ശനത്തെ തുടര്‍ന്ന് യോഗി യു.പിയിലേക്ക് തിരിച്ചു


എ.എം.യുയിലുള്ളവര്‍ ജിന്നയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരല്ലെന്നും പ്രൊ.ഷാഫി ഫസ്റ്റ്‌പോസ്റ്റിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ആരും ഇഷ്ടപ്പെടാത്ത ഒരാളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നതില്‍ എന്ത് കാര്യമാണുള്ളത്, അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ടാണ് വിവാദങ്ങള്‍ക്കിടയിലും ചിത്രം അവിടെ തുടരുന്നത് എന്ന ചോദ്യത്തിനുത്തരമായി, എ.എം.യു സ്റ്റുഡന്റ് യൂണിയന്‍ ഒരു പരിധിവരെ സ്വയം അധികാരമുള്ള സ്ഥാപനമാണെന്നും ജിന്നയുടെ ചിത്രത്തെ സംബന്ധിച്ച് വൈസ് ചാന്‍സലര്‍ യൂണിയന് ഇപ്പോള്‍ കത്തയച്ചിരിക്കുകയാണെന്നും ഷാഫി അറിയിച്ചു.

ഇന്ത്യയുടെ വിഭജനത്തിനും നിരവധി പേരുടെ മരണത്തിനും കാരണക്കാരനായ ജിന്നയെ സര്‍വകലാശാലയില്‍ ആരും ന്യായീകരിക്കുന്നില്ല. അജീവനന്ത അംഗത്വത്തിന്റെ പേരില്‍ മാത്രമാണ് ചിത്രം അവിടെ വച്ചത്. അവര്‍ ഈ സര്‍വകലാശാലയുടെ ചരിത്രത്തിന്റെ ഭാഗമായതിനാലാണ് ചിത്രം സ്ഥാപിച്ചത്. മറ്റൊരു കാരണവുമില്ല. അദ്ദേഹം പറഞ്ഞു.


Read | ‘ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ആളാണ് ജിന്ന’; അലിഗഢില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോരഖ്പൂര്‍ എം.പി


യൂണിവേഴ്‌സിറ്റിയുടെ ചരിത്രമറിയാത്തവരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പേരിലെ മുസ്‌ലിം ആണ് അവരുടെ ലക്ഷ്യമെന്നും ഷാഫി ആരോപിച്ചു.

സര്‍വകലാശാലയുടെ ആജീവനാന്ത അംഗത്വം സ്വീകരിക്കാനെത്തിയ മുന്‍ ഉപരാഷ്ട്രപതിയും അലിഗഢ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയുമായ ഹമീദ് അന്‍സാരി വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് അക്രമാസക്തമായി നീങ്ങിയതിനാലാണ് ഹിന്ദുത്വ സംഘടനാ മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ തടഞ്ഞതെന്ന് ഷാഫി അഭിപ്രായപ്പെട്ടു.

ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ മുഴുവന്‍ അന്‍സാരിയെ ഉന്നം വച്ചുള്ളതാണെന്നും അദ്ദേഹത്തിന്റെ മുസ്‌ലിം സ്വത്വം മുന്‍പും ആക്രമിക്കപ്പെട്ടതാണെന്നും എ.എം.യു ചരിത്രവിഭാഗം പ്രൊഫസര്‍ അലി നദീം റസാവി ആരോപിച്ചു. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി എ.എം.യു തുടര്‍ച്ചയായി ഉന്നംവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.


Read | അന്നസിംഗ-മഴുവേന്തിയ വനിത; അംഗാ യാ ആഫ്രിക്ക (ആഫ്രിക്കയുടെ ആകാശങ്ങള്‍)-ഒരു മലയാളി സ്ത്രീയുടെ ജാലക കാഴ്ചകള്‍


“ഷിംല ഇന്‍സ്റ്റിറ്റിയൂഷനിലടക്കം രാജ്യത്തെ പല കേന്ദ്രങ്ങളിലും ജിന്നയുടെ ചിത്രമുണ്ട്. പക്ഷേ അലിഗഢ് മുസ്‌ലിം സര്‍വകലാശാല മാത്രം ആക്രമിക്കപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടാണ്” അദ്ദേഹം പറഞ്ഞു.

അതേസമയം, അലിഗഢ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം വെച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അര്‍ധരാത്രിവരെയാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. നേരത്തെ അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

അക്രമാസക്തരായ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തിനു നേരേ പൊലീസ് ലാത്തിവീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്സിറ്റിക്കു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.