| Friday, 4th May 2018, 6:19 pm

'ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ആളാണ് ജിന്ന'; അലിഗഢില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോരഖ്പൂര്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അലിഗഢ് വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോരഖ്പൂര്‍ എം.പിയും സമാജ് വാദി നേതാവുമായ പ്രവീണ്‍ നിഷാദ്. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യ സമരത്തില്‍ നിരവധി സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സ്വാതന്ത്രസമരത്തില്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും വഹിച്ച അതേ പങ്ക് മുഹമ്മദ് അലി ജിന്നയും വഹിച്ചിട്ടുണ്ട്. ഹിന്ദുക്കളെപ്പോലെ മുസ്‌ലിങ്ങളും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ചരിത്രം അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്.”

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:  മഅ്ദനിയെ പള്ളിയില്‍ കയറാനനുവദിക്കാതെ പൊലീസ്; പ്രതിഷേധവുമായി പി.ഡി.പി പ്രവര്‍ത്തകര്‍

ഭഗത്സിംഗിനെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച അഷ്ഫാക്കുള്ള ഖാനെയും വീര്‍ അബ്ദുള്‍ ഹമീദിനെയും നമ്മള്‍ ഓര്‍ക്കും. എന്നാല്‍ അവരുടെ സംഭാവന ബി.ജെ.പി ജനങ്ങളില്‍ നിന്നും മറക്കാന്‍ ശ്രമിക്കുകയാണ്- പ്രവീണ്‍ നിഷാദ് കൂട്ടിച്ചേര്‍ത്തു.

പ്രവീണ്‍ നിഷാദ്

അതേസമയം അലിഗഢ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം വെച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ALSO READ:  കാല്‍മുട്ടിന് പരിക്ക്, അമ്മ മഴവില്‍ പരിപാടിക്ക് ദുല്‍ഖര്‍ ഉണ്ടാവില്ല

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അര്‍ധരാത്രിവരെയാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. നേരത്തെ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. അക്രമാസക്തരായ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തിനു നേരേ പൊലീസ് ലാത്തിവീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന ബി.ജെ.പി എം.പി സതീഷ് ഗൗതമിന്റെ പ്രസ്താവനയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ALSO READ:  ‘ദളിതരുടെ വീട്ടില്‍ പോകുമ്പോള്‍ കൊതുക് കടി കൊള്ളാനുള്ള ധൈര്യം കൂടി വേണം’; വിവാദപ്രസ്താവനയുമായി യു.പി വിദ്യാഭ്യാസ മന്ത്രി

ഇതുസംബന്ധിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനോട് എം.പി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലിയുടെ ചിത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതെന്നായിരുന്നു എം.പി ചോദിച്ചത്.

എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നുവെന്നും ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more