പാട്‌ന: മുഹമ്മദലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ബി.ജെ.പി ആക്രമണമഴിച്ചുവിടുമ്പോള്‍ ഒളിയമ്പുമായി സഖ്യകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ മനപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് നിതീഷ് പറഞ്ഞു.
‘രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അതിന്റെ ചുറ്റുവട്ടത്തൊന്നും ഇവരില്ലായിരുന്നു. അവര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ല,’ നിതീഷ് പറഞ്ഞു.
പാകിസ്ഥാന്റെ സ്ഥാപക നേതാവായ ജിന്നയ്ക്ക് ആ രാജ്യത്ത് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ നിരവധി പേര്‍ പങ്കാളികളായിട്ടുണ്ട്. പിന്നീട് രാജ്യം വിഭജിക്കപ്പെട്ടു. ഒരു രാജ്യമുണ്ടാക്കുന്നതിനായി ശ്രമിച്ചവര്‍ ആ രാജ്യത്തെ തീര്‍ച്ചയായും ആദരിക്കപ്പെടും,’ നിതീഷ് കുമാര്‍ പറഞ്ഞു.
ഗാന്ധിജി വിഭജനം ആഗ്രഹിച്ചിരുന്നില്ലെന്നും പക്ഷെ സാഹചര്യം വിഭജനത്തിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു.
2012 ലെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ കറാച്ചിയിലെ ജിന്നയുടെ ശവകൂടിരം നിതീഷ് സന്ദര്‍ശിച്ചിരുന്നു.
‘സര്‍ദാര്‍ പട്ടേല്‍, മഹാത്മഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, മുഹമ്മദാലി ജിന്ന എന്നിവരെല്ലാം ഒരേ സ്ഥാപനത്തിലാണ് പഠിച്ചതും അഭിഭാഷകരായതും. മാത്രമല്ല. അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ചെയ്തു. പോരാട്ടങ്ങളില്‍ നിന്ന് അവര്‍ പിന്നോട്ട് പോയതേയില്ല,’ എന്നായിരുന്നു അഖിലേഷിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം.
എന്നാല്‍ മുഹമ്മദലി ജിന്നയെ ഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുമായി താരതമ്യം നടത്തിയത് മോശം പ്രവണതയാണെന്നും അത് താലിബാന്‍ മനോഭാവമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.