| Friday, 26th January 2018, 2:54 pm

'ആ രാത്രി സത്യത്തില്‍ സംഭവിച്ചതെന്ത്?'; മദ്യപിച്ച് അലമ്പുണ്ടാക്കിയെന്ന മ്യൂളന്‍സ്റ്റീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിങ്കന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുമ്പത്തെ രാത്രി സന്ദേശ് ജിങ്കന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനിന്റെ ആരോപണം ഏറെ വിവാദമായിരുന്നു. മുന്‍ പരിശീലകന്റെ പ്രസ്താവനയ്‌ക്കെതിരെ സി.കെ വിനീത് അടക്കമുളള താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാദത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി ജിങ്കന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റെനെയുടെ ആരോപണങ്ങളെ തളളിക്കളഞ്ഞ ജിങ്കന്‍ അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കുകയാണ്.

“ഞാന്‍ രാവിലെ നാല് മണിവരെ മദ്യപിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ റൂമിലുണ്ടായിരുന്ന സമയത്തിന്റെ വീഡിയോ ഫൂട്ടേജ് ലഭ്യമാണ്. ആ സമയത്ത് ഞാന്‍ റൂമില്‍ കിടന്ന് നന്നായി ഉറങ്ങുകയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്.” ജിങ്കന്‍ പറയുന്നു.

2012 ല്‍ സിക്കിമിലെ രണ്ടാം ഡിവിഷനില്‍ കളിക്കുകയായിരുന്നു താനെന്നും അതിനും മുമ്പ് കൊല്‍ക്കത്തയിലെ നാലോ അഞ്ചോ ക്ലബ്ബുകളില്‍ ശ്രമിച്ചു. പക്ഷെ അവിടെ നിന്നും ഇവിടെ വരെ എത്തി. കരിയര്‍ ഗ്രാഫ് മുകളിലോട്ട് മാത്രമേ പോയിട്ടുള്ളൂ. എന്നും വലിയ സ്വപ്‌നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതൊന്നും തന്നെ ബാധിക്കാന്‍ സമ്മതിക്കില്ലെന്നും ജിങ്കന്‍ പറയുന്നു.

ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ വരെ എത്തിയതിന് ശേഷം എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ മാത്രം മണ്ടനല്ല താനെന്നും താരം വ്യക്തമാക്കി. താന്‍ മദ്യപാനിയാണെന്ന റെനെയുടെ ആരോപണത്തേയും ജിങ്കന്‍ തള്ളിക്കളയുന്നു. അദ്ദേഹം പറഞ്ഞത് വെറും നുണയാണെന്നും മണ്ടന്‍ വാര്‍ത്തായിരുന്നു അതെന്നും ജിങ്കന്‍ പറയുന്നു. ഗോള്‍ ഡോട്ട് കോമിലെ വാര്‍ത്ത കണ്ട് താന്‍ അമ്പരന്നെന്നും ഒരു കഥയുടെ രണ്ടു വശവും അറിയാതെ വാര്‍ത്ത നല്‍കുമ്പോള്‍ ആളുകളുടെ പേര് നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും താരം പ്രതികരിച്ചു.

മാധ്യമങ്ങള്‍ തങ്ങളുടെ കരുത്ത് മനസിലാക്കണമെന്നും അനാവശ്യമായി ആളുകളെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു.” ആ വാര്‍ത്ത എന്റെ കുടുംബത്തെ ബാധിച്ചു. എന്റെ അമ്മയേയും അച്ഛനേയും ബാധിച്ചു. വാര്‍ത്ത വന്ന ദിവസം കളി കഴിഞ്ഞ് ഞാന്‍ അമ്മയെ വിളിച്ചിരുന്നു. അവര്‍ വാര്‍ത്ത വായിച്ചിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞത് നീ അത്തരക്കാരനല്ലെന്ന് എനിക്കറിയാം എന്നായിരുന്നു.” താരം പറയുന്നു.

“നിങ്ങള്‍ക്ക് അറിയാലോ അമ്മമാര്‍ എങ്ങനെയാണെന്ന്. അതെന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് മറുപടി പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്. ഇതൊക്കെ വിഡ്ഢിത്തമാണ് ഫുട്‌ബോളിന്റെ ഭാഗവുമാണ്. പക്ഷെ ഇതൊക്കെ കുടുംബത്തെ ബാധിക്കുമെന്ന് ആളുകള്‍ മനസിലാക്കുന്നില്ല.” ജിങ്കന്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more