| Saturday, 18th May 2019, 11:50 pm

ടെലിപ്പതിയുണ്ടോ ? ഉണ്ടെന്നു തെളിയിച്ചാല്‍ അഞ്ചുലക്ഷം രൂപ സമ്മാനം; ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലിപ്പതി ഉണ്ടെന്നു തെളിയിച്ചാല്‍ അഞ്ചുലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വെല്ലുവിളിയുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മറ്റുള്ളവരുടെ ചിന്തയിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ടെലിപ്പതി എന്നൊന്നില്ലെന്നാണ് ഡോക്ടര്‍ ജിനേഷ് പി.എസ് തന്റെ പോസ്റ്റില്‍ക്കൂടി അവകാശപ്പെടുന്നത്.

ഫ്‌ളവേഴ്‌സ് ചാനല്‍ പരിപാടി കണ്ട് പലരും പോസ്റ്റുകള്‍ ഇടുന്നതിനാല്‍ എഴുതിയതാണെന്നും ജിനേഷ് പറയുന്നു.

മറ്റുള്ളവരുടെ ചിന്തയിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും എന്നവകാശപ്പെട്ട ഒരു കുട്ടിയുടെ പരിശോധനയുടെ ഭാഗമായിട്ടുണ്ടെന്നും ജിനേഷ് തന്റെ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ടെലിപ്പതി എന്ന ഒന്നില്ല. അങ്ങനെ ഒരു സംഭവം നടക്കില്ല. മറ്റുള്ളവരുടെ ചിന്തയിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും എന്ന് അവകാശപ്പെട്ട ഒരു കുട്ടിയുടെ പരിശോധനയുടെ ഭാഗമായിട്ടുണ്ട്, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണത്. ആ അവകാശവാദം പൊള്ളയായിരുന്നു. അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല.

അങ്ങനെയല്ല, ടെലിപ്പതി ഉണ്ട് എന്ന് തെളിയിച്ചാല്‍ 5 ലക്ഷം രൂപ സമ്മാനം.

ഞാന്‍ എഴുതുന്ന ഒരു വാചകം, ആ വാചകം എഴുതി സീല്‍ ചെയ്ത കവറില്‍ ഏല്‍പ്പിക്കാം. ആ വാചകം ടെലിപ്പതിയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് അവകാശപ്പെടുന്ന കുട്ടി എഴുതിയാല്‍, ഈ സമ്മാനം നല്‍കാം.

ഇനി എഴുതിയ വാചകം ആരെയെങ്കിലും കാണിക്കണമെങ്കില്‍ കാണിക്കാം. പക്ഷേ കണ്ട ആള്‍ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. സ്പര്‍ശനം പാടില്ല. കുട്ടിയുടെ രക്ഷകര്‍ത്താവ് ആണെങ്കിലും കാണിക്കാം. പക്ഷേ കുട്ടിയെ പിന്നീട് സ്പര്‍ശിക്കാന്‍ അനുവദിക്കാന്‍ പാടില്ല. ഈ വാചകം കുട്ടി എഴുതിയാല്‍ ഈ തുക സമ്മാനം.

മൈന്‍ഡ് റീഡിങ് സാധിക്കും എന്നൊക്കെ അഭ്യസ്തവിദ്യരായ പലരും ഫ്‌ലവേഴ്‌സ് ചാനല്‍ പരിപാടി കണ്ട് പോസ്റ്റുകള്‍ ഇടുന്നതിനാല്‍ എഴുതിയതാണ്. അങ്ങനെ എഴുതുന്നവര്‍ക്കും ഈ വെല്ലുവിളി സ്വീകരിക്കാം.

We use cookies to give you the best possible experience. Learn more