| Tuesday, 5th May 2020, 10:45 am

ജീവിച്ചിരുന്ന ജിനേഷിനേക്കാള്‍ പതിന്മടങ്ങ് കരുത്തുനേടി മരണം വരിച്ച ജിനേഷ്

വീരാന്‍ കുട്ടി

ജിനേഷ് മടപ്പള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുകയാണ്. രോഗാതുരമായ കാലത്തെ ശുശ്രൂഷിക്കാനുള്ള പ്രണയസ്പര്‍ശിയായ കവിതകള്‍ അവന്‍ നമുക്ക് സമ്മാനിച്ചു. നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ ഉദാരതയില്‍ നമ്മെ ചേര്‍ത്തു പിടിച്ചു. പരിസ്ഥിതിയുടെ നിലനില്പിനിണങ്ങുന്ന നീതിമത്തായ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ഇടയ്ക്കുവച്ച് ജീവിതമെന്ന ചതിയുടെ നേരെ കണ്ണിറുക്കി മരണത്തിലേക്ക് കാല്‍വച്ചു.

ജീവിച്ചിരുന്ന ജിനേഷിനേക്കാള്‍ പതിന്മടങ്ങ് കരുത്തുനേടി മരണം വരിച്ച ജിനേഷ്. ആ വ്യക്തിത്വത്തെ കൂടുതല്‍ പേര്‍ ഹൃദയവ്യഥയോടെ നെഞ്ചേറ്റി. ആ കവിത കൂടുതല്‍ മനസ്സുകളില്‍ പനിനീര്‍ പൂവും തീക്കനലും ഒരേ സമയം കോരിയിട്ടു. ഇന്ന് ജിനേഷ്, വടകരയുടെ മാത്രമല്ല മലയാളത്തിന്റെ മുഴുവന്‍ സ്വത്താണ്. ആ വിയോഗം കാവ്യാന്വേഷകരുടെ മുഴുവന്‍ നഷ്ടമാണ്. ജിനേഷിനെ സാധാരണക്കാര്‍ മുതല്‍ കുഞ്ഞുങ്ങള്‍വരെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നതിനു തെളിവായിരുന്നു പിന്നീട് നടന്ന അനുസ്മരണച്ചടങ്ങുകള്‍.

ജിനേഷ് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ വടകരയില്‍ നടന്ന ഒന്നാം ചരമവാര്‍ഷിക ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുകയുണ്ടായി. ശ്രീ വി.കെ.ശ്രീരാമന്‍ ,ബെന്യാമിന്‍ തുടങ്ങി ഒട്ടേറെ പ്രതിഭകളുടെ സാന്നിദ്ധ്യം, അര ലക്ഷം രൂപ സമ്മാനത്തുകയുള്ള ജിനേഷ് മടപ്പള്ളി സ്മാരക പുരസ്‌കാര നിര്‍ണ്ണയത്തിന് നേതൃത്വം നല്കി സച്ചിദാനന്ദന്‍മാഷ്, സാഹിത്യ അക്കാദമി ഭാരവാഹികളായ വൈശാഖന്‍ മാഷ്, ഡോ.ഖദീജ മുംതസ്, കെ.പി മോഹനന്‍ മാഷ് അങ്ങനെ വേണ്ടപ്പെട്ട പലരും ഒപ്പം നിന്നു.

രണ്ടാം ചരമവാര്‍ഷിക സന്ദര്‍ഭത്തില്‍ കോവിഡ് രോഗഭീതിയിലാണു നാം. അവാര്‍ഡ് നിര്‍ണ്ണയംപോലും ലോക് ഡൗണ്‍ കാരണം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അവാര്‍ഡ്ദാനച്ചടങ്ങ് സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് മറ്റൊരു ദിവസം നടത്താനാണ് ട്രസ്റ്റിന്റെ തീരുമാനം. പക്ഷേ ജിനേഷിനെ ഓര്‍മ്മിക്കുന്ന ചടങ്ങ് നമുക്ക് നീട്ടിവെക്കാനാവില്ലല്ലൊ. ഓണ്‍ലൈന്‍ മാധ്യമസാദ്ധ്യത ഉപയോഗപ്പെടുത്തി ഡൂള്‍ ന്യൂസിന്റെ സഹായത്തോടെ നാമിന്ന് ജിനേഷിനെ ഓര്‍ക്കുകയാണ്. ഒപ്പം ജിനേഷിന്റെ ഓര്‍മ്മയെ ഗാഢമാക്കുന്ന വിഷയങ്ങളിലുള്ള സംസാരവും ഉണ്ടാകും .സച്ചിദാനന്ദന്‍ മാഷ്, സുനില്‍ പി ഇളയിടം, ബെന്യാമിന്‍, ശാരദക്കുട്ടി ടീച്ചര്‍, വി.ആര്‍ സുധീഷ്, ഇര്‍ഷാദ്, എസ് ഹരീഷ്, രേഖാ രാജ് എന്നിവര്‍ പങ്കെടുക്കും. ജിനേഷിന്റെ ആത്മസുഹൃത്തുക്കള്‍ നേതൃത്വം നല്കുന്ന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡൂള്‍ന്യൂസില്‍ അനുസ്മരണ പരിപാടികള്‍ ശ്രവിക്കാന്‍ ജിനേഷിനെ ഇഷ്ടപ്പെടുന്ന എല്ലാവരേയും പ്രതീക്ഷിക്കുന്നു. ഓര്‍മ്മകളിലെ ജിനേഷിന് മരണമില്ല എന്ന് നാം ഒരിക്കല്‍ കൂടി തിരിച്ചറിയുന്ന ഈ സന്ദര്‍ഭത്തോട് ചേര്‍ന്നു നില്ക്കാം. നിങ്ങളും ഒപ്പമുണ്ടാവുമല്ലൊ.

വീരാന്‍ കുട്ടി
ചെയര്‍മാന്‍
ജിനേഷ് മടപ്പള്ളി ട്രസ്റ്റ്

വീരാന്‍ കുട്ടി

കവി, അധ്യാപകന്‍

We use cookies to give you the best possible experience. Learn more