| Tuesday, 5th May 2020, 8:41 pm

ജിനേഷ് അനുഭവിച്ച മാനസിക സമ്മര്‍ദങ്ങള്‍ തന്നെയാണ് കവിതയില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് ഒരു ഞെട്ടലോടെ നമ്മള്‍ തിരിച്ചറിയുന്നു

ശിവദാസ് പുറമേരി

പ്രിയ സുഹൃത്തും കവിയുമായ ജിനേഷ് മടപ്പള്ളി ഓര്‍മയായിട്ട് രണ്ട് വര്‍ഷം തികയുന്നു.
ഹൃദയ ബന്ധം കൊണ്ട് ജിനേഷ് എനിക്ക് സ്വന്തം അനുജനായിരുന്നു. കവിതാ വായനയും ഒരുമിച്ചുള്ള യാത്രകളും ഇടയ്ക്കിടെ കണ്ടുമുട്ടുമ്പോഴുള്ള നര്‍മ ഭാഷണങ്ങളുമെല്ലാം ഞങ്ങളുടെ ബന്ധത്തെ ഊഷ്മളമാക്കിയ സന്ദര്‍ഭങ്ങളായിരുന്നു.

ആത്മ ബന്ധം എന്നൊക്കെ പറയാവുന്ന ഹൃദ്യമായ അടുപ്പം ബാക്കി വെച്ചാണ് ജിനേഷ് കടന്നുപോയത്. കവിത ജിനേഷിന് ഒരു അലങ്കാരമായിരുന്നില്ല. ആത്മാവ് തന്നെയായിരുന്നു. ഒരു പെരും കടലെന്ന പോലെ ആര്‍ത്തലയ്ക്കുന്ന സമ്മര്‍ദങ്ങള്‍ തനിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്ന് ജിനേഷിന്റെ കവിതകള്‍ സാക്ഷ്യപെടുത്തുന്നു.

‘വീട് വിട്ടിറങ്ങുമ്പോള്‍
വാതിലുകള്‍ താഴിട്ട് പൂട്ടുന്നത്
അകത്തേക്ക് ആരും
കയറാതിരിക്കാനുള്ള
ജാഗ്രതയല്ല.
മുറിക്കുള്ളില്‍ അഴിച്ചു വെച്ച
നമ്മുടെ മുറിവേറ്റ ജീവിതം
വഴിയിലിറങ്ങി
ആളുകള്‍ കാണാതിരിക്കാനുള്ള
സൂത്രപ്പണിയാണ്.’

സ്വന്തംമരണം കൊണ്ട് അവസാന കവിതയെഴുതി വിട പറഞ്ഞതിനു ശേഷം ‘പഴുത് ‘ ഉള്‍പ്പെടെയുള്ള ജിനേഷിന്റെ കവിതകള്‍ വായിക്കുമ്പോള്‍ മുറിവേറ്റ ജീവിതവുമായി നമുക്കിടയിലൂടെ നടന്ന കവിയുടെ പൊള്ളുന്ന മനസ്സ് വളരെ വ്യക്തമാകുന്നുണ്ട്.

‘ഒഴികെ ‘ എന്ന കവിത അവസാനിക്കുന്നത് നോക്കൂ.
‘വല്ലാത്ത പ്രയാസം വരുമ്പോള്‍
ആരോടും പറയാതെ
ഒറ്റയ്ക്ക് തൂങ്ങിച്ചത്ത്
സ്വാര്‍ത്ഥത തെളിയിച്ചെന്നും വരാം.’

ജിനേഷ് അനുഭവിച്ച മാനസിക സമ്മര്‍ദങ്ങള്‍ തന്നെയാണ് കവിതയില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് ഒരു ഞെട്ടലോടെ നമ്മള്‍ തിരിച്ചറിയുന്നു. ജിനേഷിന് കവിതയും ജീവിതവും രണ്ടായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ‘ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാള്‍ ‘എന്ന മികച്ച കവിത

‘ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായ പോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെ മാത്രം പൊതിഞ്ഞ് വീര്‍പ്പുമുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും.
ആത്മഹത്യാക്കുറിപ്പില്‍
ആരോപിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്റെ ചിത്രം മാത്രമുണ്ടാകും.’

പ്രണയവും മരണവും മാത്രമല്ല ജീവിതത്തിന്റെ നാനാവഴികളിലൂടെ ജിനേഷിന്റെ കവിതകള്‍ സഞ്ചരിക്കുന്നു. വളരെ ലളിതമായും രസകരമായും നന്മതിന്മകളെ താരതമ്യം ചെയ്യുന്നുണ്ട് ‘കെണി ‘യെന്ന കവിതയില്‍.
‘ ഒരിക്കലും തിന്മകളോളം
വളരാനാവില്ല നന്മകള്‍ക്ക്.’

ഫാസിസത്തിന്റെയും ഭീകരവാദത്തിന്റെയും ചോര പുരണ്ട ചിരിയാണ് പ്രതീകം എന്ന കവിതയിലൂടെ ആവിഷ്‌കരിക്കരിക്കുന്നത്.

‘വെള്ളരിപ്രാവിന്റെ നെഞ്ചില്‍
തുളഞ്ഞു കയറിയഅമ്പിന്റെ അറ്റത്ത്
ആരോ സമാധാനം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നു’

ജിനേഷിന്റെഅവസാന സമാഹാരത്തിലെ വിള്ളല്‍ എന്ന കവിത ഈ ലോക് ഡൗണ്‍ കാലത്ത് വീണ്ടും വായിക്കുമ്പോള്‍, വര്‍ത്തമാനകാല ജീവിതാവസ്ഥ കവിതയില്‍ പ്രതിബിംബിക്കുന്നതായി തോന്നിയെങ്കില്‍ അതു തന്നെയാണ് കവിതയെന്ന് നമുക്ക് ഉറപ്പിച്ചു പറയാം.

‘അപകടാവസ്ഥയിലായ പാലങ്ങള്‍ പോലെ
അപകടാവസ്ഥയിലായ മനുഷ്യരുണ്ട്.
കൈവരികള്‍ മുഴുവനായും ഉലഞ്ഞു പോയ
ഈ മനുഷ്യരില്‍ നിന്ന്
നിങ്ങള്‍ എപ്പോഴും വഴുതി വീഴാം.
സുരക്ഷിതമായ അകലം പാലിക്കുക.’

പ്രിയപ്പെട്ടവരെ,
ജീവിതം നിലച്ചുപോയെങ്കിലും ജിനേഷിന്റെ കവിത അവസാനിക്കുന്നില്ല. ജിനേഷിനെക്കുറിച്ചുള്ള ഓര്‍മകളും അവസാനിക്കുന്നില്ല. ജിനേഷ് മടപ്പള്ളി ട്രസ്റ്റ് സംഘടിപ്പിച്ച ഈ ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ട്രസ്റ്റിന്റ പേരില്‍ നന്ദി അറിയിക്കുന്നു. പരിപാടിയില്‍ ശ്രദ്ധയോടെ പങ്കെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി.

ശിവദാസ് പുറമേരി

ശിവദാസ് പുറമേരി

We use cookies to give you the best possible experience. Learn more