ജിന്ത്: ഹരിയാനയിലെ ജിന്തില്‍ വിവരാവകാശ പ്രവര്‍ത്തകനു നേരെ ആക്രമണം. കഴിഞ്ഞ 10 ദിവസത്തിനകം സുനില്‍ കപൂറിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തന്റെ ജ്വല്ലറിക്കു മുന്‍പില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍ മുഖം മറച്ച ഒരു സംഘം ആളുകളെ കണ്ടപാടെ സുനില്‍ കപൂര്‍ എതിര്‍ദിശയിലേക്ക് ഓടിയെങ്കിലും ആക്രമികള്‍ വളഞ്ഞിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഹരിയാനയില്‍ ഡി.എസ്.പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെതിരെ അഴിമതിയെ തുടര്‍ന്ന് സുനില്‍ കപൂര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഏജന്റില്‍ നിന്നും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ സുനില്‍ കപൂര്‍ കാണുകയുണ്ടായെന്ന് പിതാവ് ഓം പ്രകാശ് പറഞ്ഞു. തുടര്‍ന്ന്, അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പിക്കും ഐ.ജിക്കും പരാതി നല്‍കുകയായിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു.
“ഡി.എസ്.പി ഒരു ഏജന്റിനെ ഉപയോഗിച്ച് എന്റെ രണ്ട് മക്കളേയും മാര്‍ച്ച് മൂന്നിന് കള്ളക്കേസില്‍ കുടുക്കി. തെളിവുകളില്ലാഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് 26ന് കോടതി അവരുടെ അറസ്റ്റ് സ്‌റ്റേ ചെയ്തു. അന്നു രാത്രി ഞങ്ങളുടെ വീട്ടില്‍ മുഖംമൂടികളണിഞ്ഞ് എത്തിയ ആക്രമികള്‍ ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു. സുനിലിന് തലക്ക് ചെറിയ പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. സുനിലിന്റെ അമ്മയും ലാത്തികൊണ്ട് മര്‍ദിക്കപ്പെട്ടിരുന്നു”, ഓം പ്രകാശ് പറഞ്ഞു.
വിദ്യാഭ്യാസ സൊസൈറ്റിയുടെ ഉടമ ഭുപേന്ദ്ര ശര്‍മ, ഏജന്റ് വിരേന്ദ്ര കുമാര്‍ എന്നിവരോടൊപ്പം അജ്ഞാതരായ അക്രമികളേയും പ്രതി ചേര്‍ത്ത് ഐ.പി.സി സെക്ഷന്‍ 120 ബി, 147, 148, 285, 323, 427 എന്നീ വകുപ്പുകളില്‍ അന്ന് പൊലീസ് കേസെടുത്തിരുന്നു.
ആദ്യ ആക്രമണത്തെ തുടര്‍ന്ന് സുനില്‍ കപൂര്‍ പൊലീസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മകന്റെ ആവശ്യങ്ങള്‍ പോലീസ് നിരസിക്കുകയായിരുന്നെന്ന് ഓം പ്രകാശ് ആരോപിച്ചു. രണ്ടാമത്തെ ആക്രമണത്തിലേറ്റ പരിക്കുകളെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി സുനില്‍ കപൂറിനെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Watch DoolNews Video: