|

ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍:ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രാഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്കെത്തുന്നത്.

പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്. ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ലായിരുന്നു.

ഇന്ന് റിലീസായ ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയുടെയും ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. സ്‌പോര്‍ട്‌സ് കോമഡി ഴോണറില്‍ ബോക്‌സിങ് പശ്ചാത്തലത്തില്‍ വരുന്ന സിനിമയാണ് ആലപ്പുഴ ജിംഖാന. ഇപ്പോള്‍ ബോക്‌സിങ് റിംഗില്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ ജിംഷി ഖാലിദ്.

ആലപ്പുഴ ജിംഖാനയിലെ ബോക്‌സിങ് റിങ്ങില്‍ ഷൂട്ട് ചെയ്യുന്നതായിരുന്നു ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞതെന്നും തന്നെ സംബന്ധിച്ചിടത്തോളം ബോക്‌സിങ് ഒരു ഡാന്‍സിങ് പോലെയാണെന്നും ജിംഷി ഖാലിദ് പറയുന്നു. സാധാരണ സിനിമകളില്‍ കാണുന്ന ഫൈറ്റ് സീനുകളും മറ്റും ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ സൂക്ഷിച്ച് ചിത്രീകരിക്കേണ്ട ഒന്നായിരുന്നു റിംഗിലെ സീനുകളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

‘റിംഗില്‍ ഷൂട്ട് ചെയ്യുന്നതായിരുന്നു ഏറ്റവും ചലഞ്ചിംങ്. എന്നെ സംബന്ധിച്ചിടത്തോളം ബോക്‌സിങ് ഒരു ഡാന്‍സിങ് പോലെയാണ്. അത് ഷൂട്ട് ചെയ്യാന്‍ ഒരു സ്ട്രീറ്റ് ഫൈറ്റ്, അല്ലെങ്കില്‍ സിനിമയില്‍ സാധാരണ ഒരു ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനേക്കാളും സൂക്ഷിച്ച് വേണമായിരുന്നു. കാരണം ഇവിടെ മൊത്തം കോമ്പിനേഷന്‍ ആണ്.

നമ്മുടെ കോച്ച് സെറ്റ് ചെയ്യുന്നത്‌പോലെ ഇതിന്റെ കോമ്പിനേഷനനുസരിച്ച് ക്യാമറ മൂവ്‌മെന്റ് ചെയ്യണ്ട സാഹചര്യങ്ങള്‍ വരും. അതിന്റെ ഒരു റിഥവും, ഒഴുക്കും ബ്രേക്ക് ചെയ്യാതെ മൂവ് ചെയ്യുക എന്നൊരു വെല്ലുവിളി ചില സാഹചര്യങ്ങളില്‍ ഉണ്ടായിരുന്നു,’ ജിംഷി ഖാലിദ് പറയുന്നു.

Content Highlight: Jimshi khalidh about the challenges of shooting boxing scenes in rig

Latest Stories