|

മറ്റുള്ളവര്‍ സിനിമ റെഫറന്‍സാക്കുമ്പോള്‍ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം റെഫറന്‍സാക്കി ആ മലയാള ചിത്രമെടുത്തു: ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്ക് എത്തുന്നത്.

പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്.

ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ലായിരുന്നു.

ഇപ്പോള്‍ തല്ലുമാലയിലെ സ്‌റ്റോറി ടെല്ലിങ്ങിനെ കുറിച്ച് പറയുകയാണ് ജിംഷി ഖാലിദ്. തല്ലുമാലയുടെ സ്റ്റോറി ടെല്ലിങ്ങിനെ സ്വാധീനിക്കാന്‍ തരത്തിലുള്ള റെഫറന്‍സ് തങ്ങള്‍ക്ക് കിട്ടിയത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നാണെന്നാണ് അദ്ദേഹം പറയുന്നത്. മൂവിവേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

തല്ലുമാലയില്‍ കോപ്ലിക്കേറ്റഡാണെന്ന് തോന്നിക്കുന്ന ഒരുപാട് ഷോട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷെ സിനിമയിലെ സീനുകളെ കുറിച്ച് പറയുന്ന സമയത്ത് അതിന്റെ ട്രീറ്റ്‌മെന്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏത് തരത്തിലുള്ള സ്‌റ്റൈലാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യമുണ്ടായിരുന്നു.

ഞാനും റഹ്‌മാനും (ഖാലിദ് റഹ്‌മാന്‍) മുഹ്‌സിനും (മുഹ്‌സിന്‍ പരാരി) പരസ്പരം ചോദിച്ച ഒരു ചോദ്യമുണ്ട്. സിനിമ എങ്ങനെയിരിക്കണം എന്ന ചോദ്യമായിരുന്നു. അതിന്റെ ലുക്ക്‌സ് എങ്ങനെയാകണം എന്നല്ല. ഓരോ സീനുകളും കാണുമ്പോള്‍ എങ്ങനെ ഫീല് ചെയ്യണമെന്ന ചോദ്യമായിരുന്നു ഉണ്ടായിരുന്നത്.

അന്ന് മുഹ്‌സിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ‘അളിയാ, വേറെ റോക്കറ്റ് സയന്‍സ് ഒന്നുമില്ല. നമ്മള്‍ ഇന്‍സ്റ്റഗ്രാം എടുത്ത് ചുമ്മാ സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ എങ്ങനെയിരിക്കുമോ, അങ്ങനെയിരിക്കണം സിനിമയുടെ ഫീല്’ എന്നായിരുന്നു പറഞ്ഞത്.

മുഹ്‌സിന്‍ എഴുതിയ പല സീനുകളും മൊമന്‍സും നമ്മള്‍ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പോലെ ആക്കാനുള്ള ശ്രമങ്ങളൊക്കെ അവിടെ ഒരുപാട് നടന്നിരുന്നു. പല ഫിലിംമേക്കേഴ്‌സും വേറെ മറ്റ് സിനിമകള്‍ റെഫറന്‍സായി എടുക്കുമ്പോള്‍ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമാണ് റെഫറ് ചെയ്തത്.

സ്റ്റോറി ടെല്ലിങ്ങിന്റെ ലുക്കും ഫീലും അങ്ങനെ ആക്കാനാണ് ശ്രമിച്ചത്. ആക്ഷന്‍ സീക്വന്‍സിനെ കുറിച്ചോ പാട്ടിനോ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്. സ്റ്റോറി ടെല്ലിങ്ങിനെ കുറിച്ചാണ് പറയുന്നത്. സ്റ്റോറി ടെല്ലിങ്ങിനെ സ്വാധീനിക്കാന്‍ തരത്തിലുള്ള ഒരു റെഫറന്‍സ്  ഞങ്ങള്‍ക്ക് കിട്ടിയത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നാണ്,’ ജിംഷി ഖാലിദ് പറയുന്നു.


Content Highlight: Jimshi Khalid Talks About Thallumala Movie

Video Stories