|

ബിഗ് ബിയുടെയും ആ മോഹന്‍ലാല്‍ ചിത്രത്തിന്റെയും ഷൂട്ട് അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു, ഞങ്ങള്‍ കൂടുതല്‍ സമയം ചെലവഴിച്ചത്.... ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ഛായാഗ്രഹകരിലൊരാളാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലാണ് ജിംഷി ആദ്യമായി ക്യാമറ ചലിപ്പിച്ചത്. തുടര്‍ന്ന് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ജിംഷി തല്ലുമാലയിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധ നേടി.

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ആലപ്പുഴ ജിംഖാനയുടെ ഛായാഗ്രഹണവും ജിംഷിയാണ്. താനും ഖാലിദ് റഹ്‌മാനും സിനിമാജീവിതം തുടങ്ങുന്നതിന് മുമ്പ് പല സിനിമകളുടെ സെറ്റിലും പോയിട്ടുണ്ടെന്ന് പറയുകയാണ് ജിംഷി ഖാലിദ്. ബിഗ് ബിയുടെയും ഛോട്ടാ മുംബൈയുടെയും ഷൂട്ട് ഒരേ സമയത്തായിരുന്നെന്നും രണ്ട് സിനിമകളുടെയും സെറ്റ് കണ്ടിട്ടുണ്ടെന്നും ജിംഷി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബിയുടെ സെറ്റിനെക്കാള്‍ തങ്ങള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നെന്ന് ജിംഷി ഖാലിദ് പറയുന്നു. ബിഗ് ബി എന്ന സിനിമ ഭാവിയില്‍ ട്രെന്‍ഡ് സെറ്ററാകുമെന്നൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അറ്റ്‌മോസ്ഫിയറായിരുന്നു ബിഗ് ബിയുടേതെന്ന് തോന്നിയെന്നും ജിംഷി പറഞ്ഞു.

താനും ഖാലിദ് റഹ്‌മാനും ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു കൂടുതല്‍ സമയവും ഉണ്ടായിരുന്നതെന്നും ജിംഷി ഖാലിദ് കൂട്ടിച്ചേര്‍ത്തു. കൊച്ചിന്‍ കാര്‍ണിവലൊക്കെ ഛോട്ടാ മുംബൈയുടെ കഥയില്‍ ഒരു പ്രധാന ഭാഗമായിരുന്നെന്നും അങ്ങനെയൊരു കാര്യം മുമ്പ് മലയാളത്തില്‍ മറ്റൊരു സിനിമയിലും കണ്ടിട്ടില്ലായിരുന്നെന്നും ജിംഷി ഖാലിദ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

‘ചെറുപ്പത്തില്‍ ഞാനും റഹ്‌മാനിക്കയും കൂടി പല പടത്തിന്റെയും സെറ്റില്‍ പോയിട്ടുണ്ട്. ഛോട്ടാ മുംബൈയുടെയും ബിഗ് ബിയുടെയും ഷൂട്ട് ഒരേ സമയത്തായിരുന്നു നടന്നത്. അതും അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു. ബിഗ് ബിയുടെ സെറ്റില്‍ കയറാന്‍ സാധിച്ചെങ്കിലും ഞങ്ങള്‍ കൂടുതലും സമയം ചെലവഴിച്ചത് ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു.

ബിഗ് ബി ഭാവിയില്‍ ട്രെന്‍ഡ്‌സെറ്ററാകുമെന്ന് അന്നൊന്നും വിചാരിച്ചിരുന്നില്ല. പക്ഷേ, ആ പടത്തിന്റെ സെറ്റിലുണ്ടായിരുന്ന അറ്റ്‌മോസ്ഫിയര്‍ കുറച്ച് വ്യത്യസ്തമായിരുന്നു. അതുവരെ കണ്ട സിനിമകളുടെ ട്രീറ്റ്‌മെന്റായിരുന്നില്ല. ഛോട്ടാ മുംബൈയുടെ സെറ്റില്‍ ഇടക്കിടക്ക് പോകാന്‍ കാരണം ആ പടത്തില്‍ കൊച്ചിന്‍ കാര്‍ണിവലും ഒരു ഭാഗമാണ്. അതിന് മുമ്പ് വേറൊരു സിനിമയിലും അങ്ങനൊന്ന് ഉണ്ടായിരുന്നില്ല,’ ജിംഷി ഖാലിദ് പറഞ്ഞു.

Content Highlight: Jimshi Khalid shares the experince when he went to the sets of Big B