|

നായകന്‍ ഫഹദ്, പ്രൊഡക്ഷന്‍ രാജമൗലി; ആ ഫാന്റസി ചിത്രത്തിന് അന്ന് നോ പറഞ്ഞു: ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു.

എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്. ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ലായിരുന്നു.

താന്‍ തെലുങ്കില്‍ നിന്നൊക്കെയായി ഒരുപാട് കഥകള്‍ കേള്‍ക്കുകയും, പ്രൊഡക്ഷന്‍ പോയി കണ്ടിട്ടുണ്ടെന്നും ജിംഷി ഖാലിദ് പറയുന്നു. രാജമൗലിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും ഫഹദ് ഫാസിലായിരുന്നു സിനിമയിലെ നായകന്‍ എന്ന് തീരുമാനിച്ചിരുന്നതാണന്നും ജിംഷി ഖാലിദ് പറഞ്ഞു.

എന്നാല്‍ തനിക്ക് അത് വര്‍ക്ക് ഔട്ട് ആയില്ലെന്നും ചിലപ്പോള്‍ നമ്മള്‍ നോ പറയേണ്ട സാഹചര്യങ്ങള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല്ലുമാലക്ക് ശേഷം ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്യാനാണ് തന്നെ വിളിക്കാറുള്ളതെന്ന് ജിംഷി ഖാലിദ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെലുങ്കിലും മറ്റുമൊക്കെയായി ഞാന്‍ ഒരുപാട് കഥ കേട്ടിട്ടുണ്ട്, ഒരുപാട് പ്രൊഡക്ഷന്‍ മീറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു രാജമൗലിയുടെ പ്രൊഡക്ഷന്‍ കമ്പനി. അദ്ദേഹത്തിന് സ്വന്തമായി ഡയറക്‌റ്റേഴ്‌സ് പാനലുണ്ട്. അതില്‍ ഒരാളുടെ പടമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ തന്നെയാണ് ചെയ്യുന്നതും. ഞാന്‍ അവിടെ ചെന്ന് സ്റ്റോറി കേട്ടു. എല്ലാം തീരുമാനമായതായിരുന്നു ഫഹദ് ഫാസിലായിരുന്നു ആ പടത്തിലെ ഹീറോ. അത് ഒരു ഫാന്റസി സബ്ജക്റ്റായിരുന്നു.

പക്ഷേ അതും ആ സമയത്ത് ത്രൂ ആയില്ല. ഫഹദുമായിട്ടും ഞാന്‍ സംസാരിച്ചതാണ് ഈ കേസ്. ഈ പടത്തിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഫഹദ് എന്നെ വിളിച്ചിരുന്നു. ‘എന്താ മച്ചാനെ ചെയ്യുന്നുണ്ടോ കേട്ടിട്ട് എന്ത് തോന്നുന്നു’എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ അത് വര്‍ക്കായില്ല. അങ്ങനെ ഒരുപാട് സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ നമ്മള്‍ നോ പറയേണ്ടി വരും,’ ജിംഷി ഖാലിദ് പറയുന്നു.

Content Highlight: Jimshi  khalid says that he said no to a cinema that’s from Rajamouli’s  production company

Latest Stories

Video Stories