തൃശൂര്‍:പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ പുസ്തമെഴുതിയതിന്റെ പേരില്‍ യുവ എഴുത്തുകാരനായ ജിംഷാറിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ജൂലൈ 31 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് പ്രതിഷേധകൂട്ടായമ സംഘടിപ്പിക്കുന്നത്. ജിംഷാര്‍ ആക്രമിക്കപ്പെട്ട കൂറ്റനാട് ബസ് സ്‌റ്റോപ് പരിസരത്ത് വെച്ചാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പ്രതിഷേധക്കൂട്ടായ്മയില്‍ പടച്ചോന്റെ ചോറ് എന്ന നാടകം അവതരിപ്പിക്കും. ജിംഷാറിന്റെ കഥകള്‍ വായിക്കുകയും പാട്ടുകളും കവിതകളും അവതരിപ്പിക്കുകയും ചെയ്യും. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയമേഖലയിലെ നിരവധി പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കുചേരും.
പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ പുതിയ കഥാസമാഹാരം വരുന്ന ഓഗസ്റ്റ് അഞ്ചിന് ഡിസി ബുക്‌സ് പുസ്തകമേളയില്‍ പ്രകാശനം ചെയ്യാനിരിക്കേയായിരുന്നു ജിംഷാറിന് മര്‍ദനമേറ്റത്.
പാലക്കാട് നിന്നും വീട്ടിലേക്കു തിരികെ വരുന്നവഴിയായിരുന്നു ജിംഷാര്‍ ആക്രമിക്കപ്പെട്ടത്. ബസ് കിട്ടാതിരുന്നതിനാല്‍ ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കൂറ്റനാട് നില്‍ക്കുകയായിരുന്നു. ഈ സമയത്തു മൂന്നുപേര്‍ എത്തി നീ പടച്ചോനെക്കുറിച്ച് എഴുതുമോ എന്നു ചോദിച്ച് ജിംഷാറിനെ ആക്രമിക്കുകയായിരുന്നു.
കുറച്ചു ദിവസം മുമ്പു ജിംഷാറിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകത്തിന്റെ കവര്‍ചിത്രമാക്കിയിരുന്നു. ഇതിന്റെ പേരില്‍ ചിലര്‍ ജിംഷാറിനെ വിമര്‍ശിച്ചിരുന്നു. അതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്.