| Friday, 16th September 2022, 9:23 am

അന്താരാഷ്ട്ര ക്രിക്കറ്റിന് കിട്ടുന്നത് മുട്ടന്‍ പണി; ക്ലബ്ബിന് വേണ്ടി കളിക്കാനായി രാജ്യത്തിന് വേണ്ടി കളിക്കുന്നത് നിര്‍ത്താന്‍ അടുത്ത താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗെയിമുകളിലൊന്നാണ് ക്രിക്കറ്റ്. ത്രില്ലിങ്ങായിട്ടുള്ള മത്സരങ്ങളും സൂപ്പര്‍ താരങ്ങളും ഫാന്‍ ഫൈറ്റുകളെല്ലാം കൊണ്ടും ആരാധകരെ കയ്യിലെടുക്കാന്‍ ക്രിക്കറ്റിന് സാധിക്കാറുണ്ട്.

ക്ലാസിക് ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിനത്തിനും ഏറ്റവും കുട്ടിഫോര്‍മാറ്റായ ട്വന്റി-20 ക്രിക്കറ്റിനും പ്രത്യേക ആരാധകരുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പോലെ തന്നെ ക്ലബ്ബ് ക്രിക്കറ്റിലും ഒരുപാട് ആരാധകരുണ്ട്.

ഫാന്‍സിന് പുറമെ കളിക്കാരുടെ മനോഭാവത്തില്‍ ഒരുപാട് മാറ്റം വരുത്താന്‍ ക്ലബ്ബ് ക്രിക്കറ്റിന് സാധിക്കാറുണ്ട്. ഒരുപാട് താരങ്ങളാണ് ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ഇതില്‍ പ്രമുഖരായിട്ടുള്ളത്.

ഇപ്പോള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിലും അങ്ങനെയൊരു ട്രെന്‍ഡ് കണ്ടുവരുന്നുണ്ട്. പല താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിന് മുകളില്‍ ക്ലബ്ബ് ക്രിക്കറ്റിനാണ് പരിഗണന നല്‍കുന്നത്. ക്ലബ്ബ് ക്രിക്കറ്റിലെ പണകൊഴുപ്പും അവസരങ്ങളും തന്നെയാണ് ഇതിന് കാരണം.

നേരത്തെ ട്രെന്‍ഡ് ബോള്‍ട്ട് ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ കരാറില്‍ ഒപ്പിടുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. ക്ലബ്ബ് ക്രിക്കറ്റിലേക്ക് കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ബോള്‍ട്ടിന്റെ പാത പിന്തുടരുകയാണ് ടീമിലെ ഓള്‍റൗണ്ടറായ ജിമ്മി നീഷം. നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ അദ്ദേഹം ഒപ്പുവെച്ചില്ല. നേരത്തെ തന്നെ ട്വന്റി-20 ക്ലബ്ബുകളുമായി കരാറില്‍ ആയത് കാരണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യത്തിന് പുറമെ പണത്തിന് മുകളില്‍ പോകുന്നു എന്ന് പറഞ്ഞ് തന്നെ മുദ്രകുത്തപ്പെട്ടേക്കുമെന്ന് അറിയാമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ പറയുന്നു. അതോടൊപ്പം താന്‍ ജൂലൈയില്‍ താന്‍ കരാര്‍ ആവശ്യപ്പെട്ടപ്പോള്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് ഒരു കേന്ദ്ര കരാര്‍ നിരസിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് പകരം പണത്തിന് പിറകെ പോയെന്ന തരത്തിലാകുമെന്ന് എനിക്കറിയാം. ജൂലൈയില്‍ ഒരു കരാര്‍ ഓഫര്‍ സ്വീകരിക്കാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ അന്ന് ഞാന്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. അപ്പോള്‍ ലോകമെമ്പാടുമുള്ള മറ്റ് ലീഗുകളില്‍ ഞാന്‍ സൈന്‍ ചെയ്തു. ഇതൊരു പ്രയാസകരമായ തീരുമാനമായിരുന്നു, എന്നാല്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായി വീണ്ടും സൈന്‍ ചെയ്യാന്‍ തീരുമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ആ കമ്മിറ്റ്‌മെന്റസിന് വില നല്‍കി,’ നീഷം പറഞ്ഞു.

ന്യൂസിലാന്‍ഡ് ക്രിക്കറ്റിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും കളിക്കാന്‍ സാധിക്കുന്നിടത്തോളം കാലം കളിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള വേദികളില്‍ കളിക്കാന്‍ എന്നും താല്‍പര്യമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പോലുള്ള കൊഴിഞ്ഞ് പോക്ക് ക്രിക്കറ്റിനെ സമീപകാലത്ത് ബാധിക്കില്ലെങ്കിലും ഭാവിയില്‍ പണികിട്ടാന്‍ നല്ല സാധ്യതയുണ്ട്. ക്രിക്കറ്റ് കളിക്കാനുള്ള യുവാക്കളുടെ മോട്ടീവ് എന്ന് പറയുന്നത് രാജ്യത്തിന് നേട്ടമുണ്ടാക്കുക എന്നതിലുപരി ക്ലബ്ബ് ക്രിക്കറ്റില്‍ തിളങ്ങുക എന്ന രീതിയിലേക്ക് മാറിയേക്കും എന്നാണ് വിലയിരുത്തലുകള്‍.

Content Highlight: Jimmy Neesham Refused to sign Central contract with Newzealand Cricket to play club cricket

We use cookies to give you the best possible experience. Learn more