അവനാണ് ഗോട്ട് 🐐, ഇതുപോലെ ഒരുത്തനെ കണ്ടിട്ടില്ല; തുറന്ന് സമ്മതിച്ച് USMNT ഇതിഹാസം
Sports News
അവനാണ് ഗോട്ട് 🐐, ഇതുപോലെ ഒരുത്തനെ കണ്ടിട്ടില്ല; തുറന്ന് സമ്മതിച്ച് USMNT ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd August 2023, 7:06 pm

ലീഗ്‌സ് കപ്പിന്റെ ഫൈനലിലെ ഗോള്‍ നേട്ടത്തില്‍ ലയണല്‍ മെസിയെ വാനോളം പുകഴ്ത്തി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മെന്‍സ് നാഷണല്‍ സോക്കര്‍ ടീം (USMNT) ഇതിഹാസതാരം ജിമ്മി കോണ്‍റാഡ്. നാഷ്‌വില്ലിനെതിരായ ഫൈനല്‍ മത്സരത്തില്‍ മെസി നേടിയ ഗോളിനെയാണ് അദ്ദേഹം പുകഴ്ത്തിയത്.

പോസ്റ്റിന് പുറത്ത് നിന്നും മെസി ഇടംകാലില്‍ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് എതിരാളികളുടെ വല തുളഞ്ഞു കയറുകയായിരുന്നു.

മത്സരത്തിന്റെ 23ാം മിനിട്ടിലാണ് മെസി ഗോള്‍ നേടിയത്. മെസിയുടെ സൂപ്പര്‍ ഗോളില്‍ മുമ്പിലെത്തിയെങ്കിലും 57ാം മിനിട്ടില്‍ ഗോള്‍ വഴങ്ങേണ്ടി വന്നതോടെ നിശ്ചിത സമയത്തില്‍ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മയാമി വിജയിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് മെസിയെ കോണ്‍റാഡ് പുകഴ്ത്തിയത്.

‘ഒരു ഇഞ്ച് സ്‌പെയ്‌സ് കിട്ടിയാല്‍ പോലും അതിനെ ഗോളുകളും അസിസ്റ്റുമായി മാറ്റുന്നു, മെസിയെ പോലെ മറ്റൊരാള്‍ ഇത് ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം ഗോട്ടാണ്,’ കോണ്‍റാഡ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.

അതേസമയം, ഫൈനലിന്റെ 57ാം മിനിട്ടില്‍ നാഷ്‌വില്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ ഇരുടീമിന്റെയും ഗോള്‍മുഖം നിരന്തര ആക്രമണ ഭീഷണിയിലായിരുന്നു.

എന്നാല്‍ ഗോള്‍ നേടാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഇരു ടീമിന്റെയും ഗോള്‍കീപ്പര്‍മാര്‍ അടക്കമുള്ള 11 താരങ്ങളും കിക്കെടുത്തപ്പോള്‍ 10-9ന് മയാമി വിജയിച്ചുകയറി.

ഇന്റര്‍ മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമായിരുന്നു ഇത്. ഈ കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും മെസിയെ തേടിയെത്തിയിരുന്നു. ഏറ്റവുമധികം ഇന്‍ഡിവിജ്വല്‍ ടൈറ്റിലുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് മെസി നേടിയത്. താരത്തിന്റെ 44ാം കിരീടമാണിത്.

ലാ ലിഗ കിരീടവും ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ്ബ് വേള്‍ഡ് കപ്പും അടക്കം ബാഴ്സലോണക്കൊപ്പം 35 കിരീടം നേടിയ മെസി ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും അടക്കം അഞ്ച് കിരീടങ്ങളാണ് അര്‍ജന്റൈന്‍ നാഷണല്‍ ടീമിനൊപ്പം കൈപ്പിടിയിലൊതുക്കിയത്.
പാരീസ് സെന്റ് ഷെര്‍മാങ്ങിനൊപ്പം മൂന്ന് കിരീടം നേടിയ മെസി ലീഗ്‌സ് കപ്പ് ടൈറ്റില്‍ കൂടി തന്റെ പേരിലെഴുതിച്ചേര്‍ത്തിരിക്കുകയാണ്.

 

 

മെസിയെ കാത്ത് മറ്റൊരു കിരീട നേട്ടവും കയ്യകലത്തുണ്ട്. കേവലം രണ്ടേ രണ്ട് മത്സരം വിജയിച്ചാല്‍ യു.എസ്. ഓപ്പണ്‍ കപ്പും തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ മെസിക്ക് സാധിക്കും.

ഓഗസ്റ്റ് 24ന് നടക്കുന്ന യു.എസ്. ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ മത്സരമാണ് ഇനി മെസിക്ക് മുമ്പിലുള്ളത്. മേജര്‍ ലീഗ് സോക്കറിലെ കരുത്തരായ സിന്‍സിനാട്ടിയാണ് എതിരാളികള്‍. സിന്‍സിനാട്ടിയുടെ ഹോം സ്റ്റേഡിയമായ ഒഹായോയിലെ ടി.ക്യു.എല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Jimmy Conrad praises Lionel Messi