| Wednesday, 2nd November 2022, 10:11 am

മോഹന്‍ലാല്‍ എന്റെ തിരക്കഥയില്‍ മാറ്റം വരുത്തി, ബറോസിനെ ഒടിയനും പുലിമുരുകനുമാക്കി മാറ്റി: വെളിപ്പെടുത്തലുകളുമായി ജിജോ പുന്നൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനെതിരെ വിമര്‍ശനങ്ങളുമായി ജിജോ പുന്നൂസ്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസാണ് ബറോസിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരുന്നത്.

എന്നാല്‍ താന്‍ നല്‍കിയ കഥയിലും തിരക്കഥയിലും മോഹന്‍ലാല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നാണ് പുതിയ ബ്ലോഗിലൂടെ ജിജോ വെളിപ്പെടുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നിര്‍മാതാവിന്റെയും സംവിധായകന്റെയും ഇഷ്ടത്തിനനുസരിച്ച് 22 തവണയെങ്കിലും ഞാന്‍ ഈ തിരക്കഥ മാറ്റിയെഴുതി. എന്നാല്‍ പെണ്‍കുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രമെന്നും ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഞാന്‍ എല്ലായ്‌പ്പോഴും ഉറപ്പിച്ചു പറഞ്ഞിരുന്നു.

ആശീര്‍വാദിന്റെ ഒ.ടി.ടി സിനിമകളുടെ വില്‍പനയൊക്കെ അവസാനിച്ച ശേഷം 2021 നവംബറില്‍ ബറോസ് വീണ്ടും തുടങ്ങാന്‍ കാരണം ലാലുമോന്റെ(മോഹന്‍ലാല്‍) താല്‍പര്യമാണ്. പെട്ടെന്നുണ്ടായ ആവേശം പോലെയായിരുന്നു അത്.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കഥയും തിരക്കഥയും അഭിനേതാക്കളെയുമെല്ലാം മാറ്റി. 2021ല്‍ നവംബറില്‍ താരങ്ങളെ വിദേശത്ത് നിന്നും എത്തിക്കാനോ, എന്തിന് ഗോവയിലേക്ക് ഷൂട്ടിന് പോകാനോ പോലും കഴിയുമായിരുന്നില്ല.

മോഹന്‍ലാലിന്റെ കാള്‍ഷീറ്റില്‍ നാല് മാസത്തെ ഒഴിവുണ്ടെന്ന് കണ്ട നിര്‍മാതാവ് ഉടന്‍ തന്നെ ഈ ഷൂട്ടിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ബറോസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി.

കൊച്ചിയില്‍ വെച്ച് തന്നെ ഷൂട്ടിങ് നടത്തുന്നതിന് വേണ്ടി ലാലുമോനും രാജീവ് കുമാറും ചേര്‍ന്ന് സ്‌ക്രിപ്റ്റിലും കഥാപാത്രങ്ങളിലുമെല്ലാം മാറ്റം വരുത്തി. 2021 ഡിസംബറിലായിരുന്നു ഇത്. നവോദയ ക്യാമ്പസില്‍ ഇന്‍ഡോര്‍ സെറ്റുകളുണ്ടാക്കിയാണ് പിന്നീട് ഷൂട്ടെല്ലാം നടന്നത്. പ്രോജക്ട് സേവ് ചെയ്യാനുള്ള വളരെ ബുദ്ധിപൂര്‍വമുള്ള നീക്കമായി തന്നെയാണ് ഞാനിതിനെ മനസിലാക്കുന്നത്.

ലാലുമോന്‍ തിരക്കഥ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ വിജയചിത്രങ്ങളായ പുലിമുരുകന്‍, ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ സിനിമകളിലെ കഥാപാത്രത്തെ പോലെയാക്കി ബറോസിനെയും മാറ്റി. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

മലയാളി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ മാറ്റമെന്ന് എനിക്ക് അറിയാം. ലാലുമോന് 350 സിനിമകളുടെ അനുഭവസമ്പത്തുണ്ടല്ലോ, ഞാനാകെ ഏഴ് പടങ്ങളല്ലേ ചെയ്തിട്ടുള്ളു.
ഈ മാറ്റം വരുത്തലുകള്‍ക്കിടയില്‍ രാജീവ് ബറോസിലെ എന്റെ റോളും ഏറ്റെടുത്തു.

ബറോസിന്റെ ഈ പുതിയ മലയാളം പതിപ്പില്‍, നിധി വെച്ചിട്ടുള്ള നിലവറക്ക് മുമ്പില്‍ ഭൂതമായ ബറോസ് നടക്കുന്ന റൊട്ടേറ്റിങ് സെറ്റുള്ള സീന്‍ ചെയ്യുക എന്ന ഒറ്റക്കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു.

2017ലാണ് ഡ ഗാമയുടെ നിധി കാക്കുന്ന കാപ്പിരി ഭൂതത്തെ കുറിച്ചുള്ള ഇംഗ്ലിഷ്/ഹിസ്പാനിക് ഫാന്റസി ചിത്രത്തിനുള്ള ശ്രമം ഞങ്ങള്‍ തുടങ്ങുന്നത്. ബറോസിന്റെ ഒറിജിനല്‍ തിരക്കഥയോ പ്രൊഡക്ഷന്‍ ഡിസൈനോ സിനിമയില്‍ ഉപയോഗിക്കാത്തതുകൊണ്ട് ആ രീതിയില്‍ തന്നെ ഒരു സിനിമ ചെയ്യാനുള്ള ഞങ്ങളുടെ ശ്രമം തുടരും,’ ജിജോ പുന്നൂസ് ബ്ലോഗില്‍ പറയുന്നു.

Content Highlight: Jijo Punnoose about Barroz  and says Mohanlal has changed the script to make it look like Pulimurugan

We use cookies to give you the best possible experience. Learn more