ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രം; മാധ്യമങ്ങളോട് ക്ഷുഭിതനായി ജീവ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു. കാരവനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കഴിഞ്ഞ ദിവസമായിരുന്നു രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയത്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നായിരുന്നു രാധിക മാധ്യമങ്ങളോട് പറഞ്ഞത്.
ഇപ്പോള്‍ രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിരിക്കുകയാണ് നടന്‍ ജീവ. തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലൊരു പരിപാടിക്കുവന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവ ആദ്യം നല്‍കിയ മറുപടി.
പിന്നീട് തമിഴ് സിനിമയില്‍ ഒരു പ്രശ്നവുമില്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു നടന്‍ പറഞ്ഞു. പിന്നാലെയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചത്. അതോടെ ചോദ്യം ആവര്‍ത്തിക്കുന്നതിന്റെ പേരില്‍ ജീവ ദേഷ്യപ്പെട്ടു. വൈകാതെ അത് മാധ്യമപ്രവര്‍ത്തകരും ജീവയും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി.
Content Highlight: Jiiva Talks About Hema Committee Report