|

മോഹന്‍ലാല്‍ സാറും വിജയ് സാറുമുള്ള സീനില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചു, പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ ജാഡയിട്ട് നിന്നു: ജീവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ജീവ. 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായി അരങ്ങേറിയത്. മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജീവക്ക് സാധിച്ചു.

വിജയ്, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജില്ല. ആര്‍.ടി. നേസന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ജീവയുടെ അച്ഛന്‍ ആര്‍.ബി. ചൗധരിയായിരുന്നു ജില്ലയുടെ നിര്‍മാതാവ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ജീവയും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ സീനില്‍ തനിക്ക് ആദ്യം അഭിനയിക്കാന്‍ താല്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ജീവ.

ജില്ലക്ക് മുമ്പ് വിജയ്‌യോടൊപ്പം നന്‍പനിലും മോഹന്‍ലാലിനൊപ്പം കീര്‍ത്തിചക്രയിലും അഭിനയിച്ചിട്ടുണ്ടായിരുന്നെന്ന് ജീവ പറഞ്ഞു. രണ്ട് പേരും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതില്‍ തന്റെ സാന്നിധ്യവും ഉണ്ടായാല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് ചിത്രത്തിന്റെ ക്യാമറാമാനായിരുന്നെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ ആ സമയത്ത് ജാഡയിട്ട് നിന്നെന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും ജീവ കൂട്ടിച്ചേര്‍ത്തു. പിന്നീട് സംവിധായകനും മറ്റുള്ളവരും നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ആ ഗാനരംഗത്തില്‍ വന്നെന്നും അന്നത്തെ ദിവസം വളരെ ജോളിയായിരുന്നെന്നും ജീവ പറഞ്ഞു. എല്ലാവരുമായും ചിരിച്ച് കളിച്ച് ഭക്ഷണമൊക്കെ കഴിച്ച് രസകരമായി അന്നത്തെ ദിവസം ചെലവഴിച്ചെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

സെറ്റിലെത്തിയ സമയത്ത് വിജയ്‌യും മോഹന്‍ലാലും തമ്മില്‍ അപാര ബോണ്ടായിരുന്നെന്നും അവര്‍ രണ്ടുപേരും സെറ്റില്‍ എപ്പോഴും ആക്ടീവ് ആയിരുന്നെന്നും ജീവ പറയുന്നു. രണ്ട് പേരുടെയും കൂടെ വെവ്വേറെ സിനിമകള്‍ ചെയ്‌തെങ്കിലും രണ്ട് പേരും ഒരുമിച്ചുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ജീവ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ജീവ.

‘ജില്ലയുടെ ആ ഗാനരംഗത്തില്‍ ഞാനും കൂടെ വന്നാല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് അതിന്റെ ക്രൂവിലെ ആരോ ആയിരുന്നു. എനിക്ക് തോന്നുന്നത് ആ സിനിമയുടെ ക്യാമറാമാന്‍ ആണെന്നാണ്. ജില്ലക്ക് മുമ്പ് ഞാന്‍ വിജയ് സാറിന്റെ കൂടെ നന്‍പനിലും ലാല്‍ സാറിന്റെ കൂടെ കീര്‍ത്തിചക്രയിലും അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ രണ്ട് പേരും ഒന്നിക്കുന്ന സിനിമയില്‍ ഞാന്‍ തല കാണിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, ആദ്യം ഞാന്‍ പറ്റില്ലെന്ന് പറഞ്ഞ് ജാഡയിട്ട് നിന്നു.

കാരണം, അവര്‍ രണ്ടുപേരും ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ്. പിന്നീട് ഡയറക്ടര്‍ നേസന്‍ സാറടക്കം പലരും നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ ആ സീന്‍ ചെയ്തത്. സെറ്റില്‍ ഞാനെത്തിയപ്പോള്‍ വിജയ് സാറും ലാല്‍ സാറും തമ്മില്‍ നല്ല ബോണ്ടായിരുന്നു. അന്ന് പഴയ കഥകളൊക്കെ പറഞ്ഞ് ഒരുമിച്ച് ഭക്ഷണം കഴിച്ച് ജോളിയായിരുന്നു. രണ്ട് പേരുടെ കൂടെയും വെവ്വേറെ പടങ്ങള്‍ ചെയ്‌തെങ്കിലും അവര്‍ രണ്ട് പേരുമുള്ള പടത്തില്‍ ചെന്നത് നല്ലൊരു അനുഭവമായിരുന്നു,’ ജീവ പറഞ്ഞു.

Content Highlight: Jiiva shares the memories of acting with Vijay and Mohanlal in Jilla movie

Video Stories