ബാലതാരമായി സിനിമാജീവിതം ആരംഭിച്ച നടനാണ് ജീവ. 2003ല്‍ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ജീവ ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായകനായി. കീര്‍ത്തി ചക്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ജീവ 2013ല്‍ മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. 2021ല്‍ റിലീസായ 83 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീകാന്തായാണ് ജീവ 83യില്‍ വേഷമിട്ടത്.
ജീവ നായകനായി 2012ല്‍ റിലീസായ ചിത്രമാണ് മുഖംമൂടി. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹീറോ ഴോണറില്‍ പെടുന്നതായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജീവ. ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ വലിയരീതിയില്‍ ലാഗ് അനുഭവപ്പെട്ടെന്നും അക്കാര്യം സംവിധായകന്‍ മിഷ്‌കിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ജീവ പറഞ്ഞു.
തന്റെ ക്രിയേഷനെ എങ്ങനെ വിമര്‍ശിക്കും എന്നാണ് മിഷ്‌കിന്‍ തനിക്ക് മറുപടി നല്‍കിയതെന്നും ജീവ കൂട്ടിച്ചേര്‍ത്തു. പിന്നീട് മിഷ്‌കിനെ ഫോണില്‍ കിട്ടിയിട്ടില്ലെന്നും തിയേറ്ററില്‍ ചിത്രം പരാജയമായെന്നും ജീവ പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിലുള്ള അതേ കാര്യമാണ് സെക്കന്‍ഡ് ഹാഫിലും വന്നതെന്നും ഏഴ് മിനിറ്റുള്ള ആ സീന്‍ ചിത്രത്തെ വല്ലാതെ ബാധിച്ചെന്നും ജീവ കൂട്ടിച്ചേര്‍ത്തു.
ഡബ്ബിങ്ങിന്റെ സമയത്ത് ആ സീന്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറഞ്ഞെന്നും പിന്നീടാണ് ആ സീന്‍ ഡബ്ബ് ചെയ്തതെന്നും ജീവ പറഞ്ഞു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ജീവ.
‘മുഖംമൂടി എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് സെക്കന്‍ഡ് ഹാഫ് ഭയങ്കര ലാഗാണ് ഒരു സീന്‍ എടുത്ത് മാറ്റുമോ എന്ന് ചോദിച്ചിരുന്നു. ‘എന്റെ ക്രിയേഷനില്‍ എങ്ങനെ നീ ഇടപെടും’ എന്നാണ് മിഷ്‌കിന്‍ ചോദിച്ചത്. പിന്നീട് അയാളെ എനിക്ക് ഫോണില്‍ കിട്ടിയിട്ടില്ല. ആ സീന്‍ സിനിമയെ വല്ലാതെ ബാധിച്ചു. തിയേറ്ററില്‍ പരാജയമാകാന്‍ ആ സീനും ഒരു കാരണമായി. ആ സീന്‍ ഇഷ്ടമാകാത്തതുകൊണ്ടല്ല മാറ്റാന്‍ പറഞ്ഞത്.
ഫസ്റ്റ് ഹാഫില്‍ കാണിക്കുന്ന അതേ സീന്‍ തന്നെയാണ് സെക്കന്‍ഡ് ഹാഫിലും കാണിക്കുന്നത്. ഏഴ് മിനിറ്റോളം ആദ്യം കണ്ട സീന്‍ വരുമ്പോള്‍ ആര്‍ക്കായാലും മടുപ്പ് തോന്നും. ഡബ്ബ് ചെയ്യുന്ന സമയത്ത് ആ സീന്‍ വന്നപ്പോള്‍ അത് ഞാന്‍ പിന്നീടെപ്പോഴെങ്കിലും ചെയ്‌തോളം ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറഞ്ഞു. ആ സീന്‍ ഇഷ്ടമാകാഞ്ഞിട്ടല്ല, സിനിമയുടെ ഫ്‌ളോയെ ബാധിക്കുമെന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. വേറെ ഏതെങ്കിലും സീന്‍ കാണിക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ജീവ പറഞ്ഞു.
Content Highlight: Jiiva about the failure of Mugammoodi movie and director Mysskin