| Monday, 12th September 2016, 10:01 pm

സി.പി.ഐ.എം അനുകൂല പരിപാടിക്കല്ലെങ്കിലും ജിഗ്നേഷ് മേവാനി കേരളത്തിലെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്ന് സെന്റ് കോളനി പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടും ഗുജറാത്തിലെ ദളിത് സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും തൃശ്ശൂരില്‍ നടത്തുന്ന കണ്‍വെണ്‍ഷനിലാണ് ജിഗ്‌നേശ് മേവാനി പങ്കെടുക്കുക.


തൃശ്ശൂര്‍: സി.പി.ഐ.എം പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമസമിതിയുടെ പരിപാടിയില്‍ നിന്ന് പിന്‍മാറിയ ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി കേരളത്തിലെത്തുന്നു.

മൂന്ന് സെന്റ് കോളനി പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടും ഗുജറാത്തിലെ ദളിത് സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും തൃശ്ശൂരില്‍ നടത്തുന്ന കണ്‍വെണ്‍ഷനിലാണ് ജിഗ്‌നേശ് മേവാനി പങ്കെടുക്കുക.

ഒക്ടോബര്‍ 15 വൈകിട്ട് 4 മണിക്ക് നടക്കുന്ന അവകാശ പ്രഖ്യാപന റാലി ജിഗ്‌നേഷ് മേവാനി നയിക്കും.

കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് തുടങ്ങുന്ന റാലി തൃശൂര്‍ റൗണ്ട് ചുറ്റി 5.30നു സാഹിത്യ അക്കാദമിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് “മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭവാധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമിയുമാണ് ആവശ്യം” എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കണ്‍വെന്‍ഷന്‍ നടക്കും.

ജിഗ്‌നേഷ് മേവാനിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ സമരപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂസമര പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഒക്ടോബര്‍ 16 നു രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ “ഭൂമി പാര്‍പ്പിടം അധികാരം തുല്യനീതി എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കപ്പെടും.

പരിപാടിയെ കുറിച്ച് സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘാടക സമതി കണ്‍വീനര്‍ എം. ഗീതാനന്ദന്റെ കുറിപ്പ് വായിക്കാം.


ഭൂമി  പാര്‍പ്പിടം  അധികാരം  തുല്യനീതി


കേരളത്തില്‍ 2,44,124  കുടുംബങ്ങള്‍ ഭൂരഹിതരായി പുറമ്പോക്കുകളിലും ചേരികളിലും താമസിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങളും. ഭരണഘടനയുടെ പിന്‍ബലവും നിയമപരമായ പരിരക്ഷയുണ്ടായിട്ടും കേരള ജനസംഖ്യയുടെ 1.45 ശതമാനം മാത്രം വരുന്ന ആദിവാസി ജനതയുടെ പകുതിയും ഇന്നും ഭൂരഹിതരാണ്.

മാനവ വിഭവ സൂചികയിലും സാക്ഷരതയിലും കേരളം ഏറ്റവും മുന്നില്‍ ആണെന്ന് പറയുമ്പോഴും കോടികള്‍ വികസനത്തിനായ് ചിലവിടുമ്പോഴും ആദിവാസി ഊരുകളില്‍ കുഞ്ഞുങ്ങള്‍ പട്ടിണികൊണ്ടും പോഷക ആഹാരക്കുറവകൊണ്ടും മരിച്ചു വീണു കൊണ്ടേയിരിക്കുന്നു.

ആവാസ വ്യവസ്ഥയില്‍ നിന്ന് മാത്രമല്ല ആദിമ ജനത കുടിയിറക്കപ്പെട്ടത് തനത് സംസ്‌കാരത്തില്‍ നിന്നും ഭക്ഷ്യപാരമ്പര്യത്തില്‍ നിന്നുകൂടിയാണ്. കേരളത്തിലെ ദളിത് ജനസംഖ്യയുടെ 47.5 ശതമാനവും കഴിയുന്നത് 26193 കോളനികളിലായാണ്.  29.9 ശതമാനം ദളിതര്‍ കഴിയുന്നതാകട്ടെ സമാനമായ സാഹചര്യത്തിലും.

കോളനികളിലെ പുതുതലമുറ കുടുംബങ്ങളില്‍ മിക്കവയും വീട് വെയ്ക്കാന്‍ സ്ഥലമില്ലാത്തവരോ പണമില്ലാത്തവരോ ആണ്. സമാനമായ സമൂഹിക സാഹചര്യത്തിലൂടെ തന്നെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും കടന്ന് പോകുന്നത്. കേരള സമ്പദ്ഘടനയിലേക്ക് പ്രതിവര്‍ഷം 2000 കോടി രൂപ സംഭാവന ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ബഹുഭൂരിപക്ഷവും കഴിയുന്നത് വാസയോഗ്യമയ പാര്‍പ്പിടവും ഭൂമിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ്. കേരളത്തിലെ പാര്‍ശ്വവല്‍കൃത പിന്നോക്ക വിഭാഗങ്ങള്‍, ചെറുതല്ലാത്തൊരളവില്‍ മതന്യൂനപക്ഷങ്ങള്‍ എന്നിവരും ഭൂരാഹിത്യമെന്ന ദുരന്തം പേറുന്നവര്‍ ആണ്.

ഈ അടിസ്ഥാന  ജനസമൂഹങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക അധികാരം ആര്‍ജ്ജിക്കുന്നതിനും ഭൂമിയുള്‍പ്പടെയുളള വിഭവങ്ങളില്‍ അധികാരവും ഉടമസ്ഥതയും  ലഭിക്കേണ്ടത് അടിയന്തിരമാണ്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമിയും ഭൂരഹിതര്‍ക്ക് മെച്ചപ്പെട്ട സമൂഹിക ജീവിതത്തിനാവശ്യമായ ഭൂമിയും എന്ന ഭൂസമരങ്ങളിലൂടെ നേടിയെടുത്ത അവകാശത്തെ അട്ടിമറിച്ച് മൂന്ന് സെന്റ് ഭൂമി നല്‍കി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

ചുരുക്കത്തില്‍ കേരളത്തില്‍ ഭൂസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ അന്തസത്തയെയാണ് മൂന്ന് സെന്റ് പദ്ധതിയിലൂടെ സര്‍ക്കാര്‍ കുഴിച്ച് മൂടുന്നത്.ഈ പദ്ധതിയിലൂടെ കേരളത്തില്‍ പുതിയതായി രൂപപ്പെടാന്‍ പോകുന്നത് പതിനായിരത്തിലധികം കോളനികളായിരിക്കും. ദൂരാഹിത്യവും ചേരികളും കോളനികളുമാണ് പാര്‍ശ്വവല്‍കൃത ജനതയുടെ സാമൂഹികരാഷ്ട്രീയ പിന്നോക്കാവസ്ഥയ്ക്ക് അടിസ്ഥാന കാരണം എന്നിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ ജനതയെ മൂന്ന് സെന്റ് നല്‍കി കോളനിവല്‍ക്കരിക്കുന്നത്.

പാട്ടക്കാലാവധി കഴിഞ്ഞതും നിയമവിരുദ്ധമായി  കൈവശപ്പെടുത്തിയതുമായ എട്ടുലക്ഷത്തിലധികം ഏക്കര്‍ ഭൂമി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും മത സ്ഥാപനങ്ങളും കൈവശംവെയ്ക്കുന്നുണ്ട്. ഭൂമാഫിയകളിലൂടെയും ധനാഢ്യരിലൂടെയും ഭൂമിയുടെ കേന്ദ്രീകരണം ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു.

വിദേശ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എം ജി രാജമാണിക്യം സ്‌പെഷ്യല്‍ ഓഫീസറായ കമ്മീഷന്‍ 5 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്  നല്‍കിയിട്ടുണ്ട്. എന്ന് മാത്രമല്ല നിയമനിര്‍മ്മാണത്തിലൂടെ പാട്ടക്കാലാവധി കഴിഞ്ഞതും കുത്തകകള്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതുമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ കഴിയുമെന്ന് 2013 ല്‍ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചതുമാണ്.

എന്നാല്‍ സമഗ്രമായ തോട്ടം ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതിനു പകരം ഹാരിസണ്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളിലേയ്ക്ക് മാത്രം സര്‍ക്കാര്‍ നടപടി ചുരുക്കുന്നത് ഈ റിപ്പോര്‍ട്ട് അട്ടിമറിച്ച് തോട്ടങ്ങള്‍ക്ക് പാട്ടം നീട്ടി നല്‍കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൊളോണിയല്‍ സമ്പദ് വ്യവസ്ഥ കൊള്ളലാഭം കൊയ്യുന്നതിന് വേണ്ടി മാത്രമാണ് കേരളത്തില്‍ തോട്ടങ്ങള്‍ ആരംഭിച്ചത്. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം കഴിഞ്ഞിട്ടും കോര്‍പറേറ്റുകള്‍ ഇപ്പോഴും തോട്ടംമേഖലയില്‍  തുടരുന്നത് കൊളോണിയല്‍ ഭൂബന്ധങ്ങളും തൊഴില്‍ ബന്ധങ്ങളുമാണ്. കോര്‍പറേറ്റുകളില്‍ ധനവിഭവ കേന്ദ്രീകരണം നടക്കുന്നതല്ലാതെ കേരള സമ്പദ്ഘടനക്ക് തോട്ടംമേഖലയിലൂടെ ഒരു പ്രയോജനവുമില്ല എന്നതാണ് വസ്തുത.
തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും ഭൂരഹിതരും വളരെ തുച്ഛമായ തുകയ്ക്ക് പന്ത്രണ് പതിനാല് മണിക്കൂര്‍ ദിവസവും ജോലി ചെയ്യുന്നവരും കമ്പനി നിര്‍മ്മിച്ച് നല്‍കിയ ലയങ്ങളില്‍ കഴിയുന്നവരുമാണ്. കേരള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും ഭക്ഷ്യസുരക്ഷക്കും തോട്ടം ഭൂമിയുടെ പുനര്‍വിതരണം അത്യന്താപേക്ഷിതമാണ്. വിമാനത്താവളങ്ങള്‍ക്കും ആറുവരിപ്പാതകള്‍ക്കുമല്ല ഭവനരഹിതരായ 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായതും പരിസ്ഥിതിക്ക് അഘാതം ഉണ്ടാക്കാത്തതുമായ പാര്‍പ്പിട നിര്‍മ്മാണത്തിലൂടെ സമ്പദ്ഘടനയെ ചലനാത്മകമാക്കാന്‍ കഴിയുമെന്ന രാഷ്ട്രീയ ബോധ്യമാണ് നമ്മുടെ സര്‍ക്കാരിനെ ഇനി നയിക്കേണ്ടത്.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന സര്‍ക്കാര്‍ വാദം  വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള 2,44,124 ഭൂരഹിത കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കാന്‍ സര്‍ക്കാരിനു 7324 ഏക്കര്‍ ഭൂമി മതിയാകും!  നിലവില്‍ ലാന്റ് ബാങ്കില്‍ മാത്രം 1,80,787 ഏക്കര്‍ ഭൂമിയുണ്ട്. ഏറ്റെടുക്കേണ്ട അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയാകട്ടെ 8 ലക്ഷത്തിനു മുകളില്‍ വരും.  ഭൂരഹിതര്‍ക്ക് മാത്രം വിതരണം ചെയ്യേണ്ട 16000 ഏക്കര്‍ ഭൂമിയാണ് അനധികൃത കൈയ്യേറ്റക്കാരുടെ ഇടപെടല്‍ മൂലം കേസില്‍ കുരുങ്ങിക്കിടക്കുന്നത്.

നിയമനിര്‍മ്മാണത്തിലൂടെ ഭൂമി ഏറ്റെടുക്കാമെന്നിരിക്കെ എന്തിനാണ് ഭൂരാഹിത്യമെന്ന സാമൂഹികരാഷ്ട്രീയ പിന്നോക്കാവസ്ഥയെ സര്‍ക്കാര്‍ മൂന്ന് സെന്റിലൂടെ കോളനിവല്‍ക്കരിക്കുന്നത്? 7324 ഏക്കറിലൂടെ  “ഭൂപ്രശ്‌നം” പരിഹരിച്ചാല്‍ ഭൂമിക്കുമേല്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഉടമസ്ഥത അവസാനിക്കും. ബാക്കി വരുന്ന ലക്ഷക്കണക്കിന് തോട്ടങ്ങള്‍ക്ക് തല്‍സ്ഥിതി തുടരുകയോ ബിനാമി ഇടപാടുകളിലൂടെ കക്ഷിരാഷ്ട്രീയ  കുത്തക ബാന്ധവങ്ങള്‍ക്ക് കൈയ്യടക്കുകയോ കോര്‍പറേറ്റ് “വികസനത്തിന്” യഥേഷ്ടം ഉപയോഗിക്കുകയോ ചെയ്യാം. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന് വരേണ്ടതുണ്ട്. ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കാന്‍ കഴിയാതെ മുന്നോട്ട് പോകാനാവാത്തവിധം കൂട്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ രൂപപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. ഏകപക്ഷീയമായ ശരികള്‍ക്കപ്പുറമുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും സമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും ഈ അസമത്വത്തെ മറികടക്കാന്‍ കഴിയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 15, 16 തീയതികളിലായി  സംസ്ഥാന കണ്‍വെന്‍ഷന്‍ കേരള സാഹിത്യ അക്കാദമില്‍ നടത്തും. ഗുജറാത്ത് ദളിത് സമരത്തിന് നേതൃത്വം നല്‍കുന്ന ജിഗ്‌നേഷ് മേവാനി ഒക്ടോബര്‍ 15 വൈകിട്ട് 5 30ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതിനു മുന്നോടിയായി “മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭവാധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമിയുവാണ് ആവശ്യം” എന്ന് പ്രഖ്യാപിച്ചുകൊണ്ടും ഗുജറാത്ത് സമരത്തിന് ഐക്യദാര്‍ഢ്യ നല്‍കിക്കൊണ്ടും വിവിധ ആദിവാസി, ദളിത്, ബഹുജന സംഘടനകളുടെ മുന്‍കൈയില്‍ അവകാശ പ്രഖ്യാപന റാലി നടത്തും. ഒക്ടോബര്‍ 16 നു രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ “ഭൂമി  പാര്‍പ്പിടം  അധികാരം തുല്യനീതി” എന്ന വിഷയത്തില്‍  ചര്‍ച്ചയും സംഘടിക്കപ്പെടും. കേരളത്തിലെ ഭൂസമരരാഷ്ട്രീയസാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂസമര പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കാളികള്‍ ആകും. എല്ലാ സുഹൃത്തുക്കളും കണ്‍വെന്‍ഷനിലും അവകാശ പ്രഖ്യാപന റാലിയിലും പങ്കെടുത്ത് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more