| Sunday, 6th December 2020, 12:01 pm

മാലയണിച്ചതു കൊണ്ടു മാത്രം കാര്യമില്ല, ജാതി ഉന്മൂലനമാണ് അംബേദ്കറോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലി: മോദിക്കെതിരെ ജിഗ്നേഷ് മേവാനിയുടെ പരോക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്ത്: ഡോ.ബി.ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തില്‍ ജാതി ഉന്മൂലനത്തിന്റെ പ്രധാന്യം ഓര്‍മ്മിപ്പിച്ച് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. പൂമാലയണിക്കുന്നതിന് പകരം ജാതി ഉന്മൂലത്തിലൂടെ നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തിക്കുന്നതാണ് അംബേദ്കറോടിനോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അംബേദ്കറിനെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. അംബേദ്കര്‍ പ്രതിമക്ക് മാലയണിക്കുകയും വണങ്ങുകയും ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്ന നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇതിനെയടക്കം പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്.

‘വെറുതെ മാലയണിക്കുന്നതിന് പകരം, ഇന്നു മുതല്‍ രാജ്യം മുഴുവന്‍ ജാതി ഉന്മൂലത്തിന്റെ പാതയിലൂടെ യഥാര്‍ത്ഥ നവഭാരത സൃഷ്ടിക്കായി മുന്നേറണം. അതാണ് ബാബാ സാഹബിനോടുള്ള ഏറ്റവും ശരിയായ ആദരാഞ്ജലി. നമ്മള്‍ ഭാരതീയരാണ്, മനുഷ്യരാണ്, ജാതി മേല്‍വിലാസങ്ങള്‍ നമുക്കാവശ്യമില്ല, എല്ലാവരും ഈ ബോധ്യത്തിലേക്ക് കടന്നുവരട്ടെ. ജയ് ഭീം, ജയ് ഭാരത്,’ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.

ചരമവാര്‍ഷികദിനാചരണത്തിലെ പരിപാടികളില്‍ മാത്രമായി അംബേദ്കറെ ഒതുക്കി നിര്‍ത്തുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്ന് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുുണ്ട്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മറ്റു ബി.ജെ.പി നേതാക്കളുടെയും അംബേദ്കര്‍ അനുസ്മരണ ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് ഈ വിമര്‍ശനങ്ങള്‍ കുറച്ചുകൂടെ ശക്തമായത്.

അംബേദ്കറിന്റെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അംബേദ്കറിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. രാജ്യത്തിന് സമഗ്രമായ ഒരു ഭരണഘടന നല്‍കി പുരോഗതിക്കും, അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയ അംബേദ്കറിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

ബാബാ സാഹിബിന്റെ ചുവടുപിടിച്ച് മോദി സര്‍ക്കാര്‍ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരുടെയും പോസ്റ്റിന് പിന്നാലെ ട്വിറ്ററില്‍ നിരവധി പേരാണ് അംബേദ്കറോടുള്ള മോദി സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

അംബേദ്കര്‍ പ്രതിമകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് മോദി സര്‍ക്കാരിന്റെ കാലത്താണെന്നും, അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന തകര്‍ക്കാന്‍ ശ്രമം നടത്തുന്നവരാണ് മോദിയും അമിത് ഷായുമെന്നും നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

അംബേദ്കറിന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ നില്‍ക്കുന്നവര്‍ ഒരാഴ്ചയയായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണണമെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jignesh Mewani on Dr. B.R Ambedkar’s death anniversary, criticises Narendra Modi’s  homage

We use cookies to give you the best possible experience. Learn more