ദളിത് സ്ത്രീയായ ചിത്രലേഖയ്‌ക്കെതിരെ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടുകളും പരിപാടിയില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണമായി ജിഗ്‌നേഷ് മേവാനി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ്: സി.പി.ഐ.എം സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന സംഗമത്തില്‍നിന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പിന്മാറി.
അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്‌നേഷ് മേവാനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ദളിത് സ്ത്രീയായ ചിത്രലേഖയ്‌ക്കെതിരെ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടുകളും പരിപാടിയില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണമായി ജിഗ്‌നേഷ് മേവാനി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ചിത്രലേഖയുടെ പോരാട്ടത്തില്‍ താന്‍ അവര്‍ക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു.
ദളിത് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ബഹുജനമുന്നേറ്റം ഒരുക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ജിഗ്‌നേഷ് മേവാനിയുടെ ഈ നിലപാട്.
സംഘപരിവാര്‍ ശക്തികളുടെ ദളിത് പീഡനങ്ങള്‍ക്കും അതിക്രമത്തിനുമെതിരെ ഈ മാസം 21ന് വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പി.കെ.എസ് സ്വാഭിമാന സംഗമം നടത്തുന്നത്.
ജിഗ്‌നേഷ് മേവാനി, അശോക് മോച്ചി എന്നിവരാകുമായിരുന്നു പരിപാടിയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍. ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ മുഖമായി ചിത്രീകരിക്കപ്പെടുകയും പിന്നീട് സംഘപരിവാര്‍ ഉപേക്ഷിച്ച് ദളിത് മുന്നേറ്റത്തിന്റെ ഭാഗമാവുകയും ചെയ്തയാളാണ് അശോക് മോച്ചി.
പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ സമ്മതിച്ചിരുന്നതായും എന്നാല്‍, ഒരുരാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലാത്തതാണ് പി.കെ.എസ് എന്നുമാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്നും മേവാനി ചൂണ്ടിക്കാട്ടി.
കേരളത്തിലെ തന്റെ സുഹൃത്തുക്കളാണ് പി.കെ.എസ്, സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട സംഘടനയാണെന്ന് അറിയിച്ചത്. ഇക്കാര്യം വ്യക്തമായതോടെയാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് മേവാനി അറിയിച്ചു.
സംഘാടകര്‍ക്കുണ്ടാകുന്ന പ്രയാസത്തിന് ക്ഷമ ചോദിച്ചതിനൊപ്പം ജാതി വിരുദ്ധ പോരാട്ടങ്ങള്‍ ഉയര്‍ത്തിപ്പിക്കുന്ന അംബേദ്കറിസ്റ്റുകളോ മറ്റേതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന പരിടപാടികളില്‍ പങ്കെടുക്കുന്നതിനാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യമെന്നും ജിഗ്‌നേഷ് മേവാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഗുജറാത്തിലെ ഉനയില്‍ കഴിഞ്ഞ മാസം നടന്ന ദളിത് പ്രതിഷേധ റാലിയില്‍ നേതാക്കള്‍ ഉള്‍പ്പടെ സി.പി.ഐ.എം പ്രവര്‍ത്തകരും പങ്കാളികളായിരുന്നു.