കുറ്റപ്പെടുത്തണമെങ്കില്‍ അത് വര്‍ക്കിങ് പ്രസിഡന്റായ എന്നെയാണ്, രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തു: ജിഗ്നേഷ് മേവാനി
national news
കുറ്റപ്പെടുത്തണമെങ്കില്‍ അത് വര്‍ക്കിങ് പ്രസിഡന്റായ എന്നെയാണ്, രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തു: ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2022, 12:21 pm

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് പ്രചരണത്തിന്റെ ചുമതലുള്ള നേതാവെന്ന രീതിയില്‍ കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും നിയുക്ത ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രചരണ ചുമതലയുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നും പകരം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി ശശി തരൂരിനെതിരായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് ശേഷം വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേവാനി.

”ഇത്തരം ആരോപണങ്ങള്‍ ശരിയല്ല. അദ്ദേഹം വളരെ നന്നായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയപ്പെട്ടതിന് ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അത് ഞങ്ങളെയാണ്, അദ്ദേഹത്തെയല്ല. ഞാനാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ്. കുറ്റപ്പെടുത്തണമെങ്കില്‍ എന്നെയാണ് കുറ്റപ്പെടുത്തേണ്ടത്, അല്ലാതെ രമേശ് ചെന്നിത്തല ജിയെ അല്ല.

അദ്ദേഹം അദ്ദേഹത്തിന്റെ ജോലി വളരെ കൃത്യമായി ചെയ്തിട്ടുണ്ട്, അതില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്,” ജിഗ്നേഷ് മേവാനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം അംഗീകരിക്കുന്നുവെന്നും, ഇതില്‍ നിന്നും ഒളിച്ചോടില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

”എന്റെ കണക്കുകൂട്ടലുകളും ധാരണകളും വളരെയധികം തെറ്റായിരുന്നു എന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇവിടത്തെ ജനങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഇവരെല്ലാം ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും തന്നെയായിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നത്.

എന്നാല്‍ ജനങ്ങള്‍ അവരുടെ പ്രശ്നങ്ങളൊന്നും പബ്ലിക്കായി വന്ന് തുറന്ന് സംസാരിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് ഫലം എന്നെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.

ഇതിന്റെ എല്ലാ സ്പോര്‍ട്സ്മാന്‍സ്പിരിറ്റോടും കൂടിത്തന്നെ ഞാന്‍ കോണ്‍ഗ്രസിന്റെ പരാജയം സമ്മതിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് വിലയിരുത്തും. എല്ലാവരുമായി സംസാരിച്ച ശേഷമേ ഒരു നിഗമനത്തിലെത്താന്‍ സാധിക്കൂ.

ഇതൊരു പോരാട്ടമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരിക തന്നെ ചെയ്യും. ഞങ്ങള്‍ പോരാടുകയും തിരിച്ചടിക്കുകയും ചെയ്യും,” മേവാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2022 ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിക്കൊണ്ടാണ് ബി.ജെ.പി തുടര്‍ച്ചയായ ഏഴാം തവണ അധികാരത്തിലെത്തിയിരിക്കുന്നത്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 156 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായ 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി.

Content Highlight: Jignesh Mevani talks about Ramesh Chennithala in the backdrop of Gujarat Election, in an interview with Doolnews