'മൂവായിരം വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജിന് 2,500 പൊലീസുകാര്‍, കേന്ദ്രത്തിലേത് ഹിറ്റ്‌ലര്‍ ഭരണം'; ജെ.എന്‍.യു സമരത്തെ പിന്തുണച്ച് ജിഗ്നേഷ് മേവാനി
ന്യൂദല്‍ഹി: ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം നടത്തുന്ന ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയും രംഗത്ത്. അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ ദേശദ്രോഹികളാക്കുകയാണു ചെയ്യുന്നതെന്ന് മേവാനി ആരോപിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജെ.എന്‍.യുവിലെ അപ്രതീക്ഷിതവും അന്യായവുമായ ഫീസ് വര്‍ധനയ്‌ക്കെതിരെ സമാധാനപരമായി സമരം ചെയ്ത മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്താനായി 2500-ലധികം പൊലീസിനെയും സി.ആര്‍.പി.എഫുകാരെയുമാണു വിന്യസിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്ന ആവശ്യം എപ്പോള്‍ വന്നാലും അത് അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണു ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശബ്ദമുയര്‍ത്തുന്ന കര്‍ഷകരെയും ദളിതരെയും വിദ്യാര്‍ഥികളെയും ഈ മുതലാളിത്ത, ഏകാധിപത്യ സര്‍ക്കാര്‍ ആക്രമിക്കുകയാണ്, അവര്‍ വിദ്വേഷം തീര്‍ക്കുകയാണ്. വിദ്യാഭ്യാസം ഒരു അവകാശമല്ലാതാകുകയും ആഡംബരവും ചിലര്‍ക്കു മാത്രം സഹിക്കാവുന്നതും ആയി മാറുന്ന ഇവിടം ഹിറ്റ്‌ലര്‍ ഭരണത്തിന്റെ യഥാര്‍ഥ മുഖത്തില്‍ കുറഞ്ഞതൊന്നുമല്ല.’- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസവും ജെ.എന്‍.യു സമരത്തെ പിന്തുണച്ച് മേവാനി ട്വീറ്റ് ചെയ്തിരുന്നു. അഭിജിത് ബാനര്‍ജിക്കും മറ്റുള്ളവര്‍ക്കും സാമ്പത്തികശാസ്ത്ര നൊബേല്‍ കിട്ടിയപ്പോള്‍ ആഹ്ലാദിച്ചവര്‍ അദ്ദേഹം ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്നെന്നും നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും ഇന്ത്യയിലെ വിദ്വേഷ കുറ്റകൃത്യങ്ങളെയും തുറന്നു വിമര്‍ശിച്ചയാളായിരുന്നു എന്നും മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണച്ച് നടി സ്വര ഭാസ്‌കറും എ.ഐ.എസ്.എഫ് നേതാവ് കനയ്യ കുമാറും രംഗത്തെത്തിയിരുന്നു. ദല്‍ഹിയില്‍ നടന്ന മാര്‍ച്ചില്‍ ആകെ നടന്ന ആക്രമണം ദല്‍ഹി പൊലീസിന്റെ ലാത്തിച്ചാര്‍ജ് മാത്രമാണെന്ന് സ്വര ആരോപിച്ചു.
ഇന്ത്യാ ടുഡേ ടി.വിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കിയത്. ‘അന്യന്റെ ചിലവില്‍ ജീവിക്കുന്ന ആരും ജെ.എന്‍.യു കാമ്പസിലില്ല. വിദ്യാഭ്യാസത്തിന് ഫണ്ട് വേണം.’- സ്വര പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്തിനാണ് എം.പിമാരുടെ ഭക്ഷണത്തിനു വില കുറച്ചത് എന്നായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കൂടിയായ കനയ്യയുടെ ചോദ്യം. സര്‍വകലാശാലയ്ക്ക് ഫണ്ട് നല്‍കുന്നത് ഒരിക്കലും നികുതിദായകരുടെ പണം പാഴാക്കിക്കളയലാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.