വഡോദര: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ‘ചരിത്ര വിജയം’ തീര്‍ത്തും അപ്രതീക്ഷിതമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.
കോണ്‍ഗ്രസിനെ കുറിച്ച് താന്‍ കണക്കുകൂട്ടിയിരുന്ന കാര്യങ്ങളെല്ലാം തെറ്റിപ്പോയെന്നും എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മേവാനി പറഞ്ഞു.
”എന്റെ കണക്കുകൂട്ടലുകളും ധാരണകളും വളരെയധികം തെറ്റായിരുന്നു എന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇവിടത്തെ ജനങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഇവരെല്ലാം ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും തന്നെയായിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ ജനങ്ങള്‍ അവരുടെ പ്രശ്നങ്ങളൊന്നും പബ്ലിക്കായി വന്ന് തുറന്ന് സംസാരിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് ഫലം എന്നെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും കോണ്‍ഗ്രസിന് അനുകൂലമായ വോട്ടുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ പരാജയം തന്നെയാണ്. അത് തുറന്ന് സമ്മതിക്കുന്നു. വലിയ വീഴ്ചയാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിനുള്ള പരിഹാരം ഞങ്ങള്‍ കാണുകയും ചെയ്യും,” ജിഗ്നേഷ് മേവാനി പറഞ്ഞു.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു നിശബ്ദ തരംഗം നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 120ലധികം സീറ്റുകള്‍ ലഭിക്കുമെന്നും നേരത്തെ പ്രചരണ സമയത്ത് മേവാനി പറഞ്ഞിരുന്നു.
സ്വന്തം മണ്ഡലമായ വദ്ഗമില്‍ (Vadgam) ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ വലിയ വര്‍ധനവുണ്ടായതിനെ കുറിച്ചും മേവാനി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”കണക്കുകള്‍ നോക്കുമ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് സത്യം പറയുകയാണെങ്കില്‍ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് ബി.ജെ.പിക്ക് മണ്ഡലത്തില്‍ ഇത്രയധികം വോട്ടുകള്‍ നേടാനായത്, അവരുടെ വോട്ട് ഷെയറില്‍ എങ്ങനെയാണ് ഇത്ര വലിയ ശതമാനത്തിന്റെ വര്‍ധനവുണ്ടായത് എന്നതില്‍ എനിക്ക് ഇതുവരെ ഒരു ധാരണയില്ല.
അതുകൊണ്ട് ഈ ചോദ്യത്തിന് ഒരു വിശദമായ ഉത്തരം നല്‍കുന്നതിലും എനിക്ക് ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടല്ല ഞാനിത് പറയുന്നത്, പക്ഷെ എന്തുകൊണ്ടാണ് ഇവിടത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
ബി.ജെ.പിയുടെ ഇലക്ടറല്‍ മാനേജ്മെന്റും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തന്നെയായിരിക്കും ഒരു പരിധി വരെ ഇതിന് കാരണം. ചിലപ്പോള്‍ ഇന്ത്യയിലെ ഇലക്ടറല്‍ പൊളിറ്റിക്സിന്റെ ഗ്രാമര്‍ ബി.ജെ.പിക്ക് മറ്റ് പാര്‍ട്ടികളേക്കാള്‍ കുറച്ചുകൂടി നന്നായി അറിയുന്നത് കൊണ്ടായിരിക്കും. ഒരുപക്ഷേ രാജ്യത്തെ എല്ലാ കോര്‍പറേറ്റ് ഭീമന്മാരും നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ ഒരുപോലെ തീരുമാനിച്ചത് കൊണ്ടാകും.
ഇത്രയുമധികം പണം അവര്‍ക്ക് തെരഞ്ഞെടുപ്പിന് വേണ്ടി ഇറക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അവര്‍ അതിന്റേതായ മാറ്റം വരുത്തുന്നുണ്ടാകും. ഇതൊക്കെ തന്നെയായിരിക്കാം കാരണം.
എങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒരിക്കലും ഓടി രക്ഷപ്പെടാനാകില്ല, ഈ ഫലത്തെ അവഗണിക്കാനാകില്ല. ജനങ്ങളിലേക്കെത്തണമെങ്കില്‍ അതിന്റേതായ പരിശ്രമം ചെയ്യേണ്ടതുണ്ട്, അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും,” മേവാനി കൂട്ടിച്ചേര്‍ത്തു.
2017ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായാണ് വദ്ഗമില്‍ മേവാനി മത്സരിച്ചത്. 2017ല്‍ 95,000ഓളം വോട്ടുകള്‍ നേടി 18,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാല്‍ ഇത്തവണ ലഭിച്ച വോട്ടുകള്‍ ഏറെക്കുറേ സമാനമായി തന്നെ നിലനിര്‍ത്തിയപ്പോഴും മേവാനിയുടെ ഭൂരിപക്ഷം ഏകദേശം 5000 വോട്ടുകള്‍ എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ബി.ജെ.പിയുടെ വോട്ട് ഷെയറിലുണ്ടായ വലിയ വര്‍ധനവായിരുന്നു ഇതിന് കാരണം.
അതേസമയം, 2022 ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിക്കൊണ്ടാണ് ബി.ജെ.പി തുടര്‍ച്ചയായ ഏഴാം തവണ അധികാരത്തിലെത്തിയിരിക്കുന്നത്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 156 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായ 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി.
Content Highlight: Jignesh Mevani says his calculations regarding Gujarat Elections went wrong