ന്യൂദല്‍ഹി: ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മെവാനിക്കെതിരായ രണ്ടാം കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. മോദിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മേവാനിക്കെതിരെ ചുമത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്.
മേവാനിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അദ്ദേഹത്തിനെതിരെ രണ്ടാം കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിന്റെ സമയത്ത് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് വനിതാ പൊലീസിന്റെ പരാതിയില്‍ പറയുന്നത്.
ബാര്‍പ്പെട്ട റോഡ് പൊലീസാണ് ഏപ്രില്‍ 21ന് മേവാനിക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് വെച്ചുള്ള അശ്ലീല പ്രവര്‍ത്തികളോ വാക്കുകളോ ഉപയോഗിച്ച് അപമാനിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോദിക്കെതിരെ ട്വീറ്റ് പങ്കുവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ മെവാനിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് ബി.ജെ.പി കെട്ടിച്ചമച്ച കേസാണെന്നനും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മെവാനി പറയുന്നു.
‘ഇതെന്റെ പ്രതിച്ഛായ തകര്‍ക്കാനായി ചെയ്തതതാണ്. വളരെ ആസൂത്രിതമായാണ് ഇവര്‍ ഇത് ചെയ്യുന്നത്. ഇതു തന്നെയാണ് അവര്‍ രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും ചെയ്തിട്ടുള്ളത്. ഇപ്പോള്‍ അവര്‍ എന്നെയാണ് ലക്ഷ്യം വെക്കുന്നത്,’ മേവാനി പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ഏത് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാതെയായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെയുള്ള അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായതിന് പിന്നാലെ മേവാനിക്ക് ജാമ്യം ലഭിച്ചിരുന്നു. അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ജിഗ്നേഷിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസം പൊലീസ് ബുധനാഴ്ചയാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി.ജെ.എം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനി കൊക്രജാര്‍ ജയിലിലാണുണ്ടായിരുന്നത്.