| Saturday, 1st September 2018, 11:44 am

മോദിയുടെ പോപ്പുലാരിറ്റി ഗ്രാഫ് കുറയുമ്പോള്‍ പ്രയോഗിക്കുന്ന തന്ത്രമാണ് 'വധശ്രമ നാടകം': ജിഗ്നേഷ് മെവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത് വ്യാജ തെളിവുകള്‍ കെട്ടിച്ചമച്ചാണെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മെവാനി. എന്നെല്ലാം മോദിയുടെ പോപ്പുലാരിറ്റി ഗ്രാഫ് കുറഞ്ഞിട്ടുണ്ടോ അന്നെല്ലാം വധശ്രമ നാടകം ഉണ്ടായിട്ടുണ്ട്. ഇതാണ് ഗുജറാത്ത് മോഡല്‍. 2003 മുതല്‍ 2007 വരെ സൊഹറാബുദ്ദീന്‍ കേസില്‍ എല്ലാ എന്‍കൗണ്ടര്‍ കേസുകളും വ്യാജമാണെന്ന് സുപ്രീംകോടതി പറയുന്നത് വരെ മോദിയെ കൊല്ലാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നിരുന്നു. ഗ്രാഫ് താഴുമ്പോള്‍ കൊല്ലാന്‍ ആളുകള്‍ വരികയാണ്. ഇപ്പോള്‍ വന്നിരിക്കുന്ന മാവോയിസ്റ്റ് വധഭീഷണിയും മഹാരാഷ്ട്ര പൊലീസും ദല്‍ഹിയില്‍ നിന്നുള്ളവരും ചേര്‍ന്നുണ്ടാക്കിയതാണ്.

കൊറേഗാവില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ജിഗ്നേഷ് പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്തുവെന്ന് പറയുന്ന സംഭാജി ഭീഡെയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ഉണ്ടായിട്ട് പോലും അറസ്റ്റ് ചെയ്തിട്ടില്ല.

മോദി അധികാരത്തിലെത്തിയതിന് ശേഷം ദളിതര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ അതിക്രമം വര്‍ധിച്ചു. രാജ്യത്ത് ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വരെ റോഡിലിറങ്ങി പറയേണ്ടി വരുന്നു. ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടു, ഉനയില്‍ ദളിതരെ പീഡിപ്പിച്ചു, സഹരണ്‍പൂരില്‍ വീടുകള്‍ക്ക് തീയിട്ടു, എസ്.സി എസ്.ടി ആക്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചു, മോദിയുടെ പേര് വെച്ചത് കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജിവെക്കേണ്ടി വരുന്നു.. ഇങ്ങനെയെല്ലാം ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണ്.

രാധിക വെമുലയക്ക് നീതി നേടിക്കൊടുക്കാന്‍ സാധിച്ചോ ? ബാബ സാഹിബ് അംബേദക്കറുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ 200 സ്‌കൂളുകള്‍ തുറന്നയാളാണ് ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലിലിട്ടു. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു അംബേദ്ക്കറൈറ്റ് ഇവരെ സംബന്ധിച്ചെടുത്തോളം രാജ്യത്തിന് മുഴുവന്‍ ഭീഷണിയായി മാറി..

ഒരു തരത്തിലുള്ള അക്രമണത്തെയും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല, അത് നക്‌സലിസമാണെങ്കിലും ആര്‍.എസ്.എസ് ആക്രമണമാണെങ്കിലും. ഒരു പക്ഷെ നിങ്ങളുമായി സംസാരിച്ച് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടേക്കാം. രണ്ടു മാസത്തിനിടെ എനിക്കെതിരെ നാലുതവണ വധഭീഷണിയുണ്ടായി. അതിലൊന്നില്‍ ഉമര്‍ഖാലിദിനെയും ഷെഹ്ല റാഷിദിനെയും കൊല്ലുമെന്ന് പറയുന്നുണ്ട്. ഇപ്പോള്‍ ഉമര്‍ഖാലിദിന് നേരെ ആക്രമണമുണ്ടായി. എതിര്‍ക്കുന്നത് കൊണ്ട് ഞങ്ങളുടെയൊന്നും ജീവനൊന്നും വിലയില്ലേ ? ഇന്ത്യാടുഡെ ചാനലില്‍ രജ്ദീപ് സര്‍ദേശായിയോട് സംസാരിക്കുകയായിരുന്നു ജിഗ്നേഷ്.

We use cookies to give you the best possible experience. Learn more