ന്യൂദല്‍ഹി: കര്‍ഷകരുടേയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം അവഗണിച്ചുകൊണ്ട് കാര്‍ഷിക ബില്ലില്‍ ഒപ്പിട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടിയെ വിമര്‍ശിച്ച് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.
രാംനാഥ് കോവിന്ദ് പട്ടിക ജാതിയില്‍പ്പെട്ട ആളായതുകൊണ്ടുമാത്രം ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് മേവാനി പറഞ്ഞു.
കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ച രാം നാഥ് കോവിന്ദിന്റെ നടപടി ഇത് വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉയര്‍ന്നതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ (ബ്രാഹ്മണര്‍ ഉള്‍പ്പെടെ) ഒരാള്‍ ജനിച്ചതുകൊണ്ട് (ജീവശാസ്ത്രപരമായ കാരണങ്ങളാള്‍) ദരിദ്രര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളാകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.
അതേസമയം, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ ഭരണപക്ഷ എം.പിമാര്‍ കുറവായിരിക്കെ വോട്ടെടുപ്പ് നടത്താതെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്. ശബ്ദവോട്ടെടുപ്പിലാണ് ബില്ല് പാസാകുന്നത്. അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഇത് മറികടക്കാനാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നും സമയം നീട്ടിനല്‍കിയതെന്നുമുള്ള പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ സ്വന്തം സീറ്റിലല്ലായിരുന്നു എന്നാണ് സര്‍ക്കാരും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗും ശബ്ദവോട്ടെടുപ്പിനെ ന്യായീകരിച്ച്പറഞ്ഞിരുന്നത്.