'ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയത് എന്തിന്റെ പേരില്‍; പിണറായി വിജയന്‍ ഉത്തരം പറയണം; ഇടത് സര്‍ക്കാരും സംഘപരിവാറും തമ്മില്‍ അവിശുദ്ധ സഖ്യമെന്നും ജിഗ്നേഷ് മേവാനി
Dalit Life and Struggle
'ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയത് എന്തിന്റെ പേരില്‍; പിണറായി വിജയന്‍ ഉത്തരം പറയണം; ഇടത് സര്‍ക്കാരും സംഘപരിവാറും തമ്മില്‍ അവിശുദ്ധ സഖ്യമെന്നും ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2018, 5:33 pm

പുത്തന്‍കുരിശ്: വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ദളിത് സമരനേതാവ് ജിഗ്നേഷ് മേവാനി. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലീസിന്റെ നടപടി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നും ജിഗ്നേഷ് പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്തിന്റെ പേരിലാണ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്നും ജിഗ്നേഷ് പറയുന്നു. പൊലീസ് രാജിനും ദളിത് അതിക്രമങ്ങള്‍ക്കുമെതിരെ ദളിത് ലാന്റ് റൈറ്റ് ഫ്രന്റ് സംഘടിപ്പിച്ചതാണ് വടയമ്പാടിയിലെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെന്നും എന്‍.എസ്.എസിന്റെ ജാതി മതിലിനുമെതിരെയുമാണ് കണ്‍വെന്‍ഷനെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍.എസ്.എസിന്റേയും ഹിന്ദു ഐക്യവേദിയുടേയും പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംഘപരിവാറുമായും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായും കേരള സര്‍ക്കാര്‍ സന്ധിയിലാണെന്നതിന്റെ തെളിവാണെന്നും ജിഗ്നേഷ് പറയുന്നു.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായി ഇടത് സര്‍ക്കാര്‍ അവിശുദ്ധ സന്ധിയിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ പുരോഗമ പ്രസ്ഥാനങ്ങള്‍ ഒരുമിക്കേണ്ട സമയത്ത് ഇടത് സര്‍ക്കാരിന്റെ നടപടി ദളിത്-ഇടത് ഐക്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദളിത് ആത്മാഭിമാന പ്രവര്‍ത്തകരെ വിട്ടയച്ചു. പുത്തന്‍ കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയാണ് വിട്ടയച്ചത്. അതിനിടെ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനവും അരങ്ങേറി.

മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് നിലത്തിട്ട് ചവിട്ടുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തക ഗോമതിയുടെ കൈയ്യെല്ലിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് വടയമ്പാടിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദളിത് പ്രവര്‍ത്തകരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസാകട്ടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ദളിത് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിച്ചപ്പോഴും പൊലീസ് വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.