Film News
കൗ ബോയ് സ്‌റ്റൈലില്‍ എസ്. ജെ. സൂര്യയും രാഘവയും; ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 11, 01:57 pm
Sunday, 11th December 2022, 7:27 pm

എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സൂര്യയും രാഘവയുമാണ് പ്രധാനമായും ടീസറില്‍ വരുന്നത്.

തരിശായി ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കുടിലിന് മുന്നിലേക്ക് നടന്നുവരുന്ന സൂര്യയെയാണ് ടീസറിന്റെ തുടക്കത്തില്‍ കാണുന്നത്. സൂര്യ മൗത്ത് ഓര്‍ഗന്‍ വായിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടിലിലെ ആലയില്‍ ആയുധം അടിച്ചുപരത്തുന്ന രാഘവയെയാണ് അടുത്ത രംഗത്തില്‍ കാണുന്നത്. പിന്നാലെ തോക്ക് പിടിച്ച് കുടിലിന് പുറത്തേക്ക് വരുന്ന രാഘവക്ക് നേരെ സൈന്യവും പൊലീസുമടങ്ങുന്ന സംഘത്തെ സൂര്യ അയക്കുകയാണ്. ഇവരെ നേരിടാനൊരുങ്ങിനില്‍ക്കുന്ന രാഘവയിലാണ് ടീസര്‍ അവസാനിക്കുന്നത്. കൗ ബോയ് സ്‌റ്റൈലിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

2014ലാണ് ജിഗര്‍തണ്ട എന്ന കാര്‍ത്തിക്കിന്റെ ചിത്രം പുറത്തിറങ്ങുന്നത്. എന്നാല്‍ ജിഗര്‍തണ്ട് ഡബിള്‍ എക്‌സല്‍ ജിഗര്‍തണ്ടയുടെ തുടര്‍ച്ചയല്ലെന്നും സംവിധായകന്‍ അറിയിച്ചു. നിമിഷ സജയനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോബി സിന്‍ഹ, സിദ്ധാര്‍ത്ഥ് എന്നിവരാണ് ജിഗര്‍തണ്ടയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. കാര്‍ത്തിക് സുബ്രഹ്‌മണി എന്ന യുവ സിനിമാസംവിധായകന് അസാള്‍ട്ട് സേതു എന്ന കൊടുംകുറ്റവാളിയെ ഒരു പ്രത്യേകസാഹചര്യത്തില്‍ സിനിമയിലഭിനയിപ്പിക്കേണ്ടിവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലക്ഷ്മി മേനോനായിരുന്നു നായിക. ഗുരു സോമസുന്ദരം, കരുണാകരന്‍, ആടുകളം നരേന്‍ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളില്‍. അതിഥി വേഷത്തില്‍ വിജയ് സേതുപതിയുമുണ്ടായിരുന്നു.

ചിത്രം ഇതേപേരില്‍ കന്നഡയിലേക്കും ഗദ്ദാലകൊണ്ട ഗണേഷ് എന്നപേരില്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ജിഗര്‍തണ്ടയില്‍ നിന്ന് പ്രചോദനംകൊണ്ട് ബച്ചന്‍ പാണ്ഡേ എന്ന പേരില്‍ അക്ഷയ്കുമാര്‍ ഹിന്ദിയില്‍ ഈയടുത്ത് ഒരു ചിത്രം ചെയ്തിരുന്നു.

Content Highlight: jigarthanda double x teaser