കോഡിനേഷന്‍ കമ്മിറ്റിയുടെ റാലിയില്‍ പങ്കെടുത്തത് ലീഗുകാരെന്ന നിലയില്‍, മതവും രാഷ്ടീയവും വേറെ; പ്രക്ഷോഭത്തിന് ഇല്ലെന്ന് ആവര്‍ത്തിച്ച് ജിഫ്രി തങ്ങള്‍
Kerala
കോഡിനേഷന്‍ കമ്മിറ്റിയുടെ റാലിയില്‍ പങ്കെടുത്തത് ലീഗുകാരെന്ന നിലയില്‍, മതവും രാഷ്ടീയവും വേറെ; പ്രക്ഷോഭത്തിന് ഇല്ലെന്ന് ആവര്‍ത്തിച്ച് ജിഫ്രി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 4:50 pm

മലപ്പുറം: വഖഫ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വഖഫ് വിഷയത്തില്‍ സമസ്ത യാതൊരു വിധത്തിലുമുള്ള പ്രതിഷേധത്തിനും ഇല്ലെന്നും സമസ്തയെ ഒറ്റപ്പെടുത്താന്‍ ആര്‍ക്കുമാവില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ സമസ്തയുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് അത് കോഡിനേഷന്‍ സംഘടിപ്പിച്ച റാലിയല്ലെന്നും ലീഗ് സംഘടിപ്പിച്ചതാണെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി.

അതില്‍ ലീഗുകാര്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നും അതിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കാവില്ലല്ലോയെന്നും രാഷ്ട്രീയവും മതവും വേറെ വേറെ ആണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സമസ്തയെ ആര്‍ക്കും ഒറ്റപ്പെടുത്താന്‍ കഴിയില്ല. ഞങ്ങളെ ഒറ്റപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുന്നതായും തോന്നുന്നില്ല. അതുമാത്രമല്ല ഇത്രയും ജനകീയ അടിസ്ഥാനമുള്ള ഒരു സംഘടനയെ എങ്ങനെയാണ് ഒറ്റപ്പെടുത്താന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഈയൊരു വിഷയത്തോടെ സര്‍ക്കാരുമായുള്ള അകല്‍ച്ച കുറഞ്ഞോ എന്ന ചോദ്യത്തിന് സമസ്തയ്ക്ക് ആരുമായും അകലമോ അടുപ്പമോ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി സമസ്തയുടെ നേതാക്കന്മാരുമായി സംസാരിക്കാം എന്ന് പറഞ്ഞു. സമസ്തയെ സംബന്ധിച്ച് ഒരു മാന്യതയുണ്ട്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഈ വിഷയം സംസാരിക്കാമെന്ന് പറയുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നത്.
ഇതിനെ സംബന്ധിച്ച് മറ്റുള്ള സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്നും അതുവരെ ഈ നിയമം തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു,’ ജിഫ്രിതങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച കബളിപ്പിക്കലാണെന്നാണല്ലോ ലീഗ് പറയുന്നത് എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തങ്ങളോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അതിന് മറുപടി പറയേണ്ടത് ലീഗാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടാണ്, സമസ്ത വേറെയാണ്. ലീഗിലുള്ളവര്‍ സമസ്തയിലുണ്ടാകാം, സമസ്തയിലുള്ളവര്‍ ലീഗിലുമുണ്ടാകാം. അല്ലാത്തവരും സമസ്തയിലും ലീഗിലുമൊക്കെ ഉണ്ടാകാം. ലീഗിനെ കുറിച്ചുള്ള കാര്യങ്ങള്‍ അവരോട് ചോദിക്കണം.

സര്‍ക്കാരിനെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ച് വേറെ ആരെങ്കിലുമൊക്കെ പറയുന്നതിന് ഞങ്ങള്‍ മറുപടി നല്‍കണമെന്ന് പറയുന്നതില്‍ കാര്യമില്ല. ഞങ്ങള്‍ ഒരു കുതന്ത്രത്തിലും വീണിട്ടില്ല. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അവരോട് തന്നെ ചോദിക്കണം.

സമസ്ത ഉന്നയിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി ആശാവഹമാണ്. ഞങ്ങള്‍ക്ക് അതില്‍ പ്രതീക്ഷയുണ്ട്. മുസ്‌ലീം സംഘടനകളുമായി കൂടിയാലോചിച്ച് നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഞങ്ങള്‍ ചെയ്യും. അത് തുടക്കം മുതലേ പറയുന്നതാണ്.

സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനില്ലെന്ന സമസ്തയുടെ നിലപാട് പ്രശംസിക്കപ്പെട്ടു, സമസ്ത, കേരളത്തെ കലാപത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റു സംഘടനകള്‍ കലാപത്തിലേക്ക് തള്ളിവിടുകയാണോ എന്ന ചോദ്യത്തിന് അത് തങ്ങളോടല്ല അവരോട് ചോദിക്കണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി.

‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ചിലതാണ് നമ്മുടെ രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ സമാധാനിപ്പിക്കുക, അതിനെതിരെ രംഗത്തെത്തുക എന്നത്. ആ ധര്‍മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വഹിച്ചു. ഇങ്ങനെയൊരു നല്ല കാര്യം സമസ്ത ചെയ്തിട്ടും അവര്‍ക്കൊപ്പം എന്ത് കൊണ്ട് നിങ്ങള്‍ നിന്നില്ല എന്ന് മറ്റുള്ളവരോട് നിങ്ങള്‍ ചോദിക്കൂ. ജനങ്ങള്‍ക്കിടയില്‍ അടിയും പിടിയും മതസ്പര്‍ധയും സാമുദായിക സ്പര്‍ധയും വളര്‍ത്താന്‍ ഉതകുന്ന ഒരു സംഭവം ഉണ്ടാകുമ്പോള്‍ സമസ്ത അതിനെ പ്രതിരോധിച്ചപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് അതില്‍ ഭാഗവാക്കായില്ലെന്ന് നിങ്ങള്‍ അവരോട് ചോദിക്കണം.

ഇവിടുത്തെ ഒരു പാര്‍ട്ടിക്കാരും ഞങ്ങളുടെ ശത്രുക്കളല്ല. രാഷ്ട്രീയപാര്‍ട്ടിക്കാരും ശത്രുക്കളല്ല. മുസ്‌ലിം ലീഗിനോട് സമസ്തയ്ക്ക് വിരോധമൊന്നുമില്ല. എതിര്‍പ്പുമില്ല. ആ ബന്ധം ശക്തമായി തന്നെ നിലനില്‍ക്കും. സമസ്തയ്ക്ക് എന്നും സ്വന്തമായ അഭിപ്രായങ്ങളുണ്ട്. അത് പ്രകടിപ്പിക്കാറുമുണ്ട്. അപശബ്ദങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ പറ്റില്ല, ജിഫ്രി തങ്ങള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം