പട്ടിക്കാട്: സമസ്തക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ അതൃപ്തി അറിയിച്ച് സമസ്തയുടെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. അധ്യക്ഷനായി താന്‍ പോരെങ്കില്‍ തന്നെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നിലവില്‍ സമസ്തയിലുള്ള പരസ്പര വിദ്വേഷവും പോരും അവസാനിപ്പിക്കണമെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറം പട്ടിക്കാട് നടന്ന ജാമിഅ നൂരിയ്യ സനദ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തക്ക് പല സംഘടനകളുമായി സൗഹൃദമുണ്ടാക്കേണ്ടി വരുമെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ആ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാനായി പലരും ശ്രമിക്കുന്നുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങളെ വിശ്വസിക്കരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമുദായത്തിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ സൗഹാര്‍ദ്ദത്തെയും പല സംഘടനകളുമായുള്ള സമസ്തയുടെ ബന്ധത്തെയും ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സമസ്തക്ക് ആരോടും വിദ്വേഷവും വെറുപ്പും ഇല്ലെന്നും ജിഫ്രി തങ്ങള്‍ ചൂണ്ടിക്കാട്ടി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായി നിലനില്‍ക്കുക എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് നേതാക്കളായ സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വേദിയിലിരിക്കെയാണ് ജിഫ്രി തങ്ങളുടെ പരാമര്‍ശങ്ങള്‍.
അതേസമയം ഇരകോര്‍ത്ത് കാത്തിരിക്കുന്ന ചൂണ്ടയില്‍ സമുദായം വീണുപോവരുതെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മറ്റുള്ളവരുടെ അജണ്ടകള്‍ തിരിച്ചറിയാനുള്ള വിവേകം കാണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്‌നങ്ങള്‍ക്ക് ചുറ്റും സമുദായമായി ബന്ധപ്പെട്ടതെല്ലാം വിവാദമാക്കാന്‍ ശ്രമിക്കുന്നരാണെന്നും ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Jifri Thangal expressed his displeasure with the disputes in Samasta