തിരുവനന്തപുരം; സുപ്രഭാതം പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ട് നിന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
‘സുപ്രഭാതം വളര്‍ന്ന് വലുതാകുമ്പോള്‍ അതിനോട് പലര്‍ക്കും അസൂയ തോന്നിയെന്ന് വരും. ഇതൊരു മത്സരമാണ്. അതില്‍ അസൂയപ്പെടാനൊന്നുമില്ല. മറ്റ് പത്രങ്ങളെക്കാള്‍ വിജയിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സുപ്രഭാതം നടത്തിക്കൊണ്ടിരിക്കും,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്തയിലെ ചില നേതാക്കളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ചടങ്ങിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചവരെ ജനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒന്നിക്കുകയാണ് വേണ്ടത്. അതില്‍ നിന്ന് ആരെങ്കിലും വിട്ട് നില്‍ക്കുകയോ ബഹിഷ്‌കരണം കൊണ്ടുവരികയോ ചെയ്താല്‍ അവരെ ജനങ്ങള്‍ ബഹിഷ്‌കരിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാവരും ഒന്നിച്ച് ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി നിലകൊള്ളണമെന്നാണ്,’ മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlight: Jifri Thangal against muslim league