തിരുവനന്തപുരം: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സൗദിയില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി മലയാളികളൊന്നിച്ച് 34 കോടി രൂപ സമാഹരിച്ചതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് റഹീമിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ മോശമായ ഒരു ചിത്രം നല്‍കുന്നതാണ് കേരള സ്‌റ്റോറി എന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരാള്‍ മറ്റൊരാളെ സ്‌നേഹിച്ചാല്‍ ചിലപ്പോള്‍ അവന്‍ അവളെ കൊണ്ട് പോകും, അല്ലെങ്കില്‍ അവള്‍ അവനെ കൊണ്ട് പോകും. ഇതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യമല്ലേ. അതില്‍ ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് എന്തിനാണ്,’ ജിഫ്രി തങ്ങള്‍ ചോദിച്ചു.
മുസ്‌ലിങ്ങള്‍ അല്ലാത്ത സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്നതാണ് മുസ്‌ലിങ്ങളുടെ പണി എന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രേമം എന്നത് സ്വാഭവികമായി സംഭവിക്കുന്നതാണ്. അതില്‍ മതമൊന്നും ആര്‍ക്കും തടസ്സമല്ല. ലൗ ജിഹാദില്‍, ജിഹാദ് ഉള്ളത് കൊണ്ട് മാത്രം ഇത് മുസ്‌ലിങ്ങള്‍ മാത്രം ചെയ്യുന്ന പരിപാടിയാണെന്ന് പറയുന്നത് ശരിയല്ല,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.
സംഘടന എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ നില്‍ക്കുന്നത് സമസ്തയുടെ നയമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഒരു മത വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സമസ്തക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: jifri thangal about kerala story movie and love jihad