മുട്ടിച്ചിറ: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശം അവജ്ഞയോടെ തള്ളണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മലപ്പുറത്ത് ആര്‍ക്കും എപ്പോഴും നിര്‍ഭയമായി സഞ്ചരിക്കാമെന്നും ജില്ലയെ മോശമായി ചിത്രീകരിക്കുന്നവര്‍ മലപ്പുറത്തെ ആളുകളുമായി സംവദിക്കാത്തവരെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് ജിഫ്രി തങ്ങളുടെ പരാമര്‍ശം.
മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനവും രാജ്യവുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
‘മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്.
പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു,’ വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
വിവാദ പ്രസ്താവനയെ തുടര്‍ന്ന് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെള്ളാപ്പള്ളിക്കെതിരെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവന പിന്‍വലിക്കില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി തുടരുന്നത്.
ഉള്ളത് പറയുമ്പോള്‍ തന്നെ സംഘിയാക്കേണ്ടെന്നും പരാമര്‍ശം പിന്‍വലിക്കില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. തന്റെ പ്രസംഗം ചിലര്‍ വളച്ചൊടിച്ചു. ആടിനെ പട്ടിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. താന്‍ മുസ്‌ലിം വിരോധിയല്ലെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
Content Highlight: Jifri Muthukoya Thangal said should reject Vellappally’s Malappuram remark with the contempt it deserves