സലാമിനെ പോലെയുള്ളവര്‍ക്ക് കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക: ജിഫ്രി തങ്ങള്‍
കോഴിക്കോട്: പി.എം.എ സലാമിനെ പോലെയുള്ളവര്‍ക്ക് കടിഞ്ഞാടിണം അല്ലെങ്കില്‍ കെട്ടിയിടണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്ക് അറിയാമെന്നും സമസ്തയോട് കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന മീലാദ് ക്യാമ്പയിന്‍ സമാപന വേദിയില്‍ പി.എം.എ സലാമിന്റെ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി കോയ തങ്ങള്‍.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങള്‍ക്കില്ലെന്നതായിരുന്നു സലാമിന്റെ വിവാദ പരാമര്‍ശം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സലാം ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്.
അധിക്ഷേപങ്ങളുണ്ടായാല്‍ ഇനിയും മറുപടി പറയുമെന്നും അധിക്ഷേപിക്കുന്നവര്‍ അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പോഷക സംഘടനകളെ കുറിച്ച് അറിയാത്തവരാണ് സമസ്തയെ കുറിച്ച് പറയുന്നത്.
ആദ്യം സമസ്തയെ കുറിച്ച് പഠിക്കണം. പഠിച്ച ശേഷം മതി ആക്ഷേപങ്ങള്‍. സമസ്ത ആര്‍ക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല. ഇതില്‍ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പര്‍മാരായി അധികാരപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. പി.എം.എ. സലാം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ അടിയന്തരമായി നിയന്ത്രിക്കണമെന്നും സംഘടന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Content Highlights: Jifri Muthukoya Thangal against PMA Salam