അയോധ്യയിൽ ആര് പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ല; സുപ്രഭാതത്തിലെ ലേഖനം സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ
Kerala News
അയോധ്യയിൽ ആര് പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ല; സുപ്രഭാതത്തിലെ ലേഖനം സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th December 2023, 3:06 pm

കോഴിക്കോട്: അയോധ്യയിൽ ആര് പോയാലും വികാരം വ്രണപ്പെടില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ അഭിപ്രായം പറയേണ്ടത് സുപ്രഭാതം പത്രമല്ലെന്നും സമസ്ത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘അയോധ്യയിൽ എന്തിന് നമ്മൾ നയം പറയണം? ഇവിടെയും ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നു, ഉദ്ഘാടനം ചെയ്യുന്നു. ഇത് ഇന്ത്യയല്ലേ. കോൺഗ്രസ്‌ എന്നല്ല ആര് പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ല,’ ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രഭാതത്തിലെ ലേഖനം കോൺഗ്രസ്‌ രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെ വിമർശിച്ചതിനെ കുറിച്ചും അദ്ദേഹം നിലപാട് അറിയിച്ചു.

സുപ്രഭാതം സമസ്തയുടേത് തന്നെയാണെങ്കിലും അതിൽ വരുന്ന അഭിപ്രായങ്ങൾ സമസ്ത ജംഇയ്യത്തുൽ ഉലമയുടേതാണെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമസ്തയുടെ നൂറാം വാർഷികാഘോഷ പരിപാടികൾ വിലയിരുത്താൻ കോഴിക്കോട്ട് സമസ്ത പോഷക സംഘടന ഭാരവാഹികളുടെ നേതൃയോഗം ചേർന്നു. ഇതിന് ശേഷമാണ് ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചത്.

ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവനക്കെതിരായ മന്ത്രി വി. അബ്ദുറഹ്മാന്റെ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആ വിഷയം അവസാനിച്ചു എന്ന് ജിഫ്രി തങ്ങൾ മറുപടി നൽകി.

സ്വന്തം മതവിശ്വാസങ്ങളെ ബാധിക്കാത്ത രീതിയിൽ മറ്റ് മതക്കാരുടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight:Jifri Muthukkoya Thangal on Ram temple inauguration invitation