|

പണ്ഡിതന്മാര്‍ക്കെതിരെ പരിഹാസങ്ങള്‍ തുടര്‍ന്നാല്‍ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും; എം.ഇ.എസിനും ഫസല്‍ ഗഫൂറിനുമെതിരെ ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: സമുദായത്തിലെ പണ്ഡിതരുടെ മേല്‍ കുതിരകയറുന്നത് എം.ഇ.എസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് ഇ.കെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നിഖാബ് നിരോധനവുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളിലും മറുപടികളിലും എം.ഇ.എസ് നേതാക്കള്‍ സമുദായത്തിലെ പണ്ഡിതന്‍മാരെയും നേതാക്കളെയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഇതിനെ സമസ്ത ശക്തമായി എതിര്‍ക്കും. പരിഹാസങ്ങള്‍ തുടര്‍ന്നാല്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മീഡിയാ വണിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മുമ്പും പല വിഷയങ്ങളില്‍ സമസ്ത നേതാക്കന്‍മാരെ എം.ഇ.എസ് അവഹേളിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അത് തുടരുന്ന കാഴ്ചയാണിപ്പോള്‍. ഇത് അനുവദിച്ച് കൊടുക്കാനാകില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ സമസ്ത ഇടപെടും. അത് ന്യൂനപക്ഷങ്ങളുടെ പേരിലുള്ള സ്ഥാപനമായാലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ നേരത്തെയും ജിഫ്രി തങ്ങള്‍ രംഗത്തെത്തിയിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നായിരുന്നു എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുയുന്നുണ്ട്

സ്ത്രീകളെ മുഖം മറയ്പ്പിക്കുക എന്നത് ശരിയല്ലെന്നും വിഷയം മതസംഘടനകളോട് കൂടിയോലോചിക്കേണ്ട കാര്യമില്ലെന്നും ഫസല്‍ ഗഫൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘സ്ത്രീകളെ മുഖം മറപ്പിക്കുന്നത് ശരിയല്ല എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അത് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് മാത്രമല്ല, സംസ്‌കാരശൂന്യമായ ഒരു വസ്ത്രവും പാടില്ല എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്’- എന്നായിരുന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞത്.

കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിധി. മുസ് ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

Latest Stories