|

വ്രതമനുഷ്ഠിച്ചും വാക്‌സിന്‍ എടുക്കാം, നോമ്പ് മുറിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി നോമ്പ് മുറിഞ്ഞ് പോവില്ലെന്ന് എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്സിന്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്.

കേരളം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച വന്നത് 2 ലക്ഷം ഡോസ് മാത്രമാണ്. 5.93 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jiffry Muthukoya Thangal Covid Vaccine Ramzan