[] ജിദ്ദ: താമസാനുമതി രേഖയായ ഇഖാമ കൈവശം വെയ്ക്കുന്നതിലും ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന സമയത്ത് കാണിച്ചുകൊടുക്കുന്നതിലും വീഴ്ച്ച വരുത്തുന്നവര്‍ക്ക് 1000 റിയാല്‍(15,800 രൂപ) പിഴ ഈടാക്കുമെന്ന് ജിദ്ദ പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ഖഹ്താനി അറിയിച്ചു.
ഓരോ തവണയും പിടിക്കപ്പെടുന്നതിനനുസരിച്ച് പിഴയുടെ വലിപ്പവും കൂടും. രണ്ടാം തവണ പിടിക്കപ്പെടുമ്പോള്‍ 2000 റിയാലും മൂന്നാം തവണ 3000 റിയാലുമാണ് പിഴ.
വിദേശീയരുടെ ആശ്രിത വീസയില്‍ കഴിയുന്ന ഭാര്യയോ മക്കളോ നിയമപരമായ അനുമതിയില്ലാതെ ജോലിയില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെട്ടാല്‍ ഈ രീതിയില്‍ പിഴയൊടുക്കേണ്ടി വരും.
ഈ രീതിയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്നവരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. കൂടാതെ തൊഴില്‍ വീസയുടെയും സന്ദര്‍ശക വീസയുടെയും കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്നവരെ പിഴയ്ക്കും തടവുശിക്ഷയ്ക്കും ശേഷം നാടു കടത്തും.
അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്ന വിദേശിയെയും നാടുകടത്തുമെന്നും ജിദ്ദ പോലീസ് അറിയിച്ചു.