ആസിഫ് അലിയേയും രജിഷ വിജയനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘എല്ലാം ശരിയാകും’ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരിക്കുകയാണ്.
മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്.
ബിജു മേനോനെ നായകനാക്കി ഒരുക്കിയ ആദ്യരാത്രി എന്ന സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയതിന് മുമ്പ് കേട്ട ഒരു സംഭവത്തില്‍ നിന്നാണ് എല്ലാം ശരിയാകും ചിത്രം ഉണ്ടാകുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.
”ഒരു ഒളിച്ചോട്ട കഥ തിരക്കഥാകൃത്തായ ഷാരീഫ് മുഹമ്മദ് പറയുകയും അതില്‍ നിന്നും ബാക്കി കഥയുണ്ടാകുകയുമായിരുന്നു,” ജിബു ജേക്കബ് പറഞ്ഞു.
സിനിമയ്ക്ക് എല്ലാം ശരിയാകും എന്ന പേരിട്ടതിന് പിന്നിലെ കഥയും അദ്ദേഹം പറയുന്നുണ്ട്.
”എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനില്‍ നിന്ന് തന്നെയാണ് ഞങ്ങള്‍ക്ക് എല്ലാം ശരിയാകും എന്ന പേര് കിട്ടിയത്. പക്ഷേ ഈ പേരെന്താണ് ഇത്രയും നാള്‍ സിനിമയില്‍ ആരും ഉപയോഗിക്കാതിരുന്നതെന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
പ്രത്യേകിച്ച് ഈ കാലഘട്ടത്തിനോട് ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതും സിനിമയുടെ കഥയോട് വളരെ ബന്ധപ്പെട്ട് നില്‍ക്കുന്നതുമായ ഒരു പേരാണ്. അതുകൊണ്ട് ആ പേര് ഞങ്ങള്‍ക്ക് കിട്ടിയ ഒരു ഭാഗ്യമായാണ് കാണുന്നത്,” സംവിധായകന്‍ പറയുന്നു.
സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്ന ഇരുനൂറാമത്തെ ചിത്രമെന്ന പ്രത്യേകതയും എല്ലാം ശരിയാകും എന്ന സിനിമയ്ക്കുണ്ട്. സിനിമയില്‍ ഔസേപ്പച്ചന്‍ അഭിനയിച്ചിട്ടുമുണ്ട്.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.