| Friday, 9th February 2024, 9:22 pm

വെള്ളിമൂങ്ങ പോലെ ആ സിനിമ വിജയിക്കാത്തതിന്റെ കാരണം അതാണ്: ജിബു ജേക്കബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് ജിബു ജേക്കബ്. ശേഷം മോഹൻലാലുമായി ഒന്നിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും വലിയ രീതിയിൽ ശ്രദ്ധ നേടി.

എന്നാൽ വെള്ളിമൂങ്ങക്ക്‌ ശേഷം ബിജു മേനോനും ജിബുവും വീണ്ടും ഒന്നിച്ച ആദ്യരാത്രിയെന്ന ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിബു ജേക്കബ്.

ആദ്യരാത്രി മറ്റു രണ്ടു സിനിമകളെ പോലെ വലിയ കളക്ഷൻ നേടിയില്ല എന്ന് മാത്രമേയുള്ളൂവെന്ന് സംവിധായകൻ പറയുന്നു.

താനും ബിജു മേനോനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഹ്യൂമർ പ്രതീക്ഷിക്കുമെന്നത് സ്വാഭാവികമാണെന്നും എന്നാൽ പ്രഷർ ചെയ്തുകൊണ്ട് ഹ്യൂമർ ചെയ്യാൻ സാധിക്കില്ലെന്നും ജിബു പറയുന്നു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യരാത്രിക്ക്‌ അങ്ങനെ പറയാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല. ആദ്യത്തെ രണ്ട് സിനിമകളുടെ അത്രയും കളക്റ്റ് ചെയ്തില്ലായെന്നേയുള്ളൂ. സിനിമയെന്ന നിലയിൽ നിർമാതാവ് ഹാപ്പിയാണ്. രണ്ട് സിനിമകളുടെ അത്ര ഓടിയിട്ടില്ല. ആ ഒരു ബുദ്ധിമുട്ട് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ.

ആദ്യരാത്രിയിലെ കഥ ഒരു സങ്കല്പിക ഗ്രാമം പോലെയൊക്കെയാണ് വന്നത്. നമ്മൾ വിചാരിച്ച പോലെ പല സ്ഥലത്തും ഹ്യൂമറൊന്നും വർക്ക്‌ ഔട്ടായില്ല. ചില സീനുകളും വർക്ക്‌ ഔട്ടായില്ല എന്നതും സത്യമാണ്. ഹ്യൂമർ വേണമെന്നൊക്കെയുള്ള നമ്മുടെ പ്രഷറൊക്കെ കാരണമാണ്. അങ്ങനെയല്ല ചിന്തിക്കേണ്ടതെന്ന് എനിക്ക് പിന്നെ തോന്നി.

ഞാനും ബിജുവും വെള്ളിമൂങ്ങക്ക് ശേഷം ഒന്നിക്കുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർ ഹ്യൂമർ പ്രതീക്ഷിക്കും. അങ്ങനെയുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ് ആ സിനിമയ്ക്കും സംഭവിച്ചത്.

ഹ്യൂമർ ആ സബ്ജെക്റ്റിലൂടെ വരണം. അല്ലാതെ ഇത് ഹ്യൂമറാവും എന്ന് കരുതി ചെയ്യുമ്പോൾ ഉണ്ടാവുന്ന കുഴപ്പമാണ്,’ജിബു ജേക്കബ് പറയുന്നു.

Content Highlight: Jibu Jackob Talk About Adhyarathri Movie

We use cookies to give you the best possible experience. Learn more