ബീജിങ്: മുന്‍ ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജിയാങ് സെമിന്‍ (Jiang Zemin) അന്തരിച്ചു. 98 വയസായിരുന്നു.
രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിന്‍ ഷാങ്ഹായില്‍ വെച്ച് മരിച്ചതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി.സി.പി) ഔദ്യോഗിക വാര്‍ത്താ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
1993 മുതല്‍ 2003 വരെയുള്ള 10 കൊല്ലമാണ് ജിയാങ് ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
ജിയാങ് സെമിനെ അറിയാം:
1926ല്‍ യങ്‌ഷോവില്‍ ജനിച്ച ജിയാങ് സെമിന്‍ ആദ്യകാലത്ത് ഓട്ടോമൊബൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു. തന്റെ കോളേജ് കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില് അംഗത്വമെടുത്ത ജിയാങ്, നേതൃപാടവം കൊണ്ട് പാര്‍ട്ടി പദവികളില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മുന്നേറി.
1985ല്‍ ഷാങ്ഹായ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ജിയാങ് അക്കാലത്ത് തന്നെ നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായി. ഷാങ്ഹായ് ചൈനയുടെ പുതിയ സാമ്പത്തിക കേന്ദ്രമായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. മാവോ അനന്തര സി.സി.പി വിഭാവനം ചെയ്ത ചൈനയുടെ പ്രതീകമായി ഷാങഹായ് മാറി. 1980കളുടെ അവസാനത്തില്‍ ഷാങ്ഹായില്‍ ജിയാങ്ങിനുണ്ടായിരുന്ന സ്ഥാനം അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന് കാരണമായി.
1989ലെ ടിയാനെന്‍മന്‍ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് സെമിന്‍ സി.സി.പിയുടെ അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയിലെ യാഥാസ്ഥിതികരും പരിഷ്‌കര്‍ത്താക്കളും തമ്മിലുള്ള പോരിന് ശേഷമായിരുന്നു ഇത്. ഈ പോരില്‍ ഇരു വിഭാഗങ്ങളെയും ഏകീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒത്തുതീര്‍പ്പ് നയത്തിന്റെ ഫലമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്.
എന്നാല്‍, അധികാരത്തിലെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ സി.സി.പിയിലെ ശക്തനായ നേതാവായി വളരാനും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന(പി.ആര്‍.സി)യുടെ പ്രസിഡന്റാകാനും ജിയാങിനായി. 1993ലാണ് ജിയാങ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
1989 മുതല്‍ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇതേകാലത്ത് തന്നെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1989 മുതലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മൂന്നാം തലമുറ നേതാക്കളുടെ പ്രതിനിധിയായാണ് ജിയാങിനെ കണക്കാക്കുന്നത്.
1997ല്‍ ഹോങ്കോങ് സമാധാനപരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് ജിയാങ് സെമിന്‍ വഹിച്ചത്.
ചൈനയുടെ പ്രസിഡന്റായ ജിയാങ് ചൈനയുടെ സാമ്പത്തിക നയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
രാജ്യത്ത് സുസ്ഥിരമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും, തൊഴിലില്ലായ്മയും സ്തംഭനാവസ്ഥയും ഇല്ലാതാക്കുന്നതിനുമായിരുന്നു ജിയാങ് ഊന്നല്‍ നല്‍കിയത്.
ആഗോള തലത്തില്‍ വ്യാപാര-വാണിജ്യ ശൃംഖലകള്‍ സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ജിയാങിന്റെ കീഴിലുള്ള ഭരണകൂടത്തിന്റെ ഈ സാമ്പത്തിക നയങ്ങളാണ് നിര്‍മാണ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ ചൈന മുന്നേറാന്‍ കാരണമായത്. 2001ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ചൈനയെ ഉള്‍പ്പെടുത്തിയതും ജിയാങ്ങിന്റെ പ്രവര്‍ത്തനഫലമായാണ്.
ഇതോടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചൈന ലോക ശക്തികളിലൊന്നായി വളരുകയും ചെയ്തു.
Content Highlight: Jiang Zemin: Leader who put China on path to becoming global superpower