‘ലിങ്, നിങ്ങളുടെ ശരീര ഭാരം 50 കിലോഗ്രാം കുറഞ്ഞാല്‍ നിങ്ങള്‍ ആദ്യം എന്താകും ചെയ്യാന്‍ പോകുന്നത്?’ അന്ന് ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ ജിയ ലിങ്ങിനോട് ചോദിച്ചു. മറുപടി ‘മുടി കെട്ടി ഒരുങ്ങി ഈവെനിങ് ഗൗണും ഇട്ട് തിരമാല കാണാന്‍ പോകും’ എന്നായിരുന്നു.
സ്വന്തം സിനിമക്ക് വേണ്ടി ഒരാള്‍ എത്രത്തോളം കഷ്ടപ്പെടാന്‍ തയ്യാറാകും? ഡയറക്ടര്‍ ജിയ ലിങ്ങിനോട് ചോദിച്ചാല്‍ താന്‍ 110 പൗണ്ട് വരെ ശരീരം ഭാരം കുറക്കുമെന്നാകും പറയുക. ലിങ്ങിന്റെ സിനിമ ആര്‍ക്കും ഒരു മോട്ടിവേഷനാണ്. എന്നാല്‍ അവര്‍ തന്റെ സിനിമക്കായി നല്‍കുന്ന ഡെഡിക്കേഷന്‍ മനസിലാക്കിയാല്‍ അതിനേക്കാള്‍ മോട്ടിവേഷനാണ് ലഭിക്കുക. തന്റെ രണ്ടാമത്തെ സിനിമയായ ‘യോലോ’യ്ക്ക് വേണ്ടി ഒരു വര്‍ഷം കൊണ്ട് ലിങ് 50 കിലോ ശരീര ഭാരമാണ് കുറച്ചത്.
2024 ഫെബ്രുവരിയില്‍ ഇറങ്ങിയ ‘യോലോ’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയവരില്‍ ഒരാളാണ് ജിയ ലിങ്. ആ സിനിമയുടെ സംവിധായകയായ ലിങ് തന്നെയാണ് നായികയായി എത്തിയത്. 2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലോകത്തിലെ ഏഴാമത്തെ ചിത്രമായും 2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചൈനീസ് ചിത്രമായും മാറാന്‍ ‘യോലോ’യ്ക്ക് സാധിച്ചു.
ഒരു മോട്ടിവേഷണല്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് യോലോ. ഡു ലെയിങ് എന്ന പെണ്‍കുട്ടി ബോക്‌സിങ് ചാമ്പ്യനാകുന്നതാണ് ചിത്രത്തിന്റെ കഥ. പത്ത് വര്‍ഷമായി, ലെയിങ് അവളുടെ അച്ഛനും അമ്മക്കും ഒപ്പമാണ് താമസിക്കുന്നത്. അമിതമായ ഭക്ഷണവും ജീവിത ശൈലിയും കാരണം അവള്‍ക്ക് നല്ല ശരീര ഭാരമുണ്ടായിരുന്നു.
ഒരു ദിവസം അവളെ കാണാന്‍ കസിന്‍ ഡൗഡു അവളുടെ വീട്ടില്‍ വരുന്നു. ഒരു ടിവി സ്റ്റേഷനിലെ ഇന്റേണ്‍ ആയി വര്‍ക്ക് ചെയ്യുകയാണ് ഡൗഡു. ജോലി തിരയുന്ന ആളുകള്‍ക്കായുള്ള റിയാലിറ്റി ഷോയിലേക്ക് മത്സരാര്‍ത്ഥികളെ തിരയുകയായിരുന്നു അവള്‍. ലെയിങ് അതിന് പറ്റിയവളാണെന്നാണ് ഡൗഡു വിശ്വസിച്ചത്. ലെയിങ്ങിനെയും അമ്മയെയും ഒരുമിച്ചിരുത്തി അവള്‍ ഒരു ഇന്റര്‍വ്യൂ ഷൂട്ട് ചെയ്തു. ഇതിനിടയില്‍ ലെയിങ് അവളുടെ സഹോദരി ലെഡനുമായി വഴക്കുണ്ടാക്കുന്നു. നീ ഒരു മടിച്ചിയാണെന്നും പ്രായം ഇത്രയായിട്ടും അച്ഛനെയും അമ്മയെയും അമിതമായി ആശ്രയിക്കുന്നവളാണെന്നും പറഞ്ഞ് സഹോദരി ലെയിങ്ങിനെ വിമര്‍ശിക്കുന്നു.
അന്ന് ലെയിങ് ഇന്റര്‍വ്യൂ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ അവിടെ നിന്ന് ഇറങ്ങി പോയി. നേരെ പോയത് അവളുടെ കാമുകനായ ഷാനിനെയും ഉറ്റസുഹൃത്തായ ലിലിയെയും കാണാനായിരുന്നു. അവിടെ വെച്ച് ലിലിയും ഷാനും തന്നെ ചതിക്കുകയായിരുന്നെന്ന് അവള്‍ മനസിലാക്കുന്നു. അവളുടെ കാമുകന്റെ കുഞ്ഞിനെ ഉറ്റസുഹൃത്ത് ഗർഭം ധരിച്ചിരുന്നു. ലിലി ഗര്‍ഭിണി ആയത് കൊണ്ട് അവരുടെ വിവാഹം നടക്കാന്‍ പോകുകയാണെന്നും ലെയിങ് അവരില്‍ നിന്നറിഞ്ഞു. ലിലി ആ സമയത്തും ലെയിങ്ങിനോട് ആവശ്യപ്പെടുന്നത് തങ്ങളുടെ കല്യാണത്തിന് വരണമെന്നാണ്. അത് അവളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. ലെയിങ് കല്യാണത്തിന് വന്നില്ലെങ്കില്‍ ഉറ്റ സുഹൃത്തിന്റെ കാമുകനെ സ്വന്തമാക്കിയവളാണ് താനെന്ന് ആളുകള്‍ കരുതില്ലേ എന്നതായിരുന്നു ലിലിയുടെ പേടി.
തൊട്ടടുത്ത ദിവസം സഹോദരിയായ ലെഡന്‍ ലെയിങ്ങിന് മുത്തശ്ശിയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്ത് ആവശ്യപെടുന്നു. ഭക്ഷണ സമയത്തെ ആ സംസാരം അവര്‍ക്കിടയില്‍ കയ്യേറ്റമുണ്ടാക്കി. ഒടുവില്‍ ലെയിങ് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചു. അമ്മയില്‍ നിന്ന് ലഭിച്ച പണത്തിന് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്കെടുത്ത ലെയിങ് ഒരു റെസ്റ്റോറന്റില്‍ ജോലിക്ക് കയറി. അവിടെ നിന്നാണ്അവള്‍ ആദ്യമായി ഹാവോ കുനിനെ കാണുന്നത്. വളരെ രസകരമായ ഒരു കണ്ടുമുട്ടലായിരുന്നു അവരുടേത്.
അടുത്തുള്ള ജിമ്മിലെ ബോക്‌സിങ് പരിശീലകനാണ്ഹാവോ കുന്‍. പുതിയ ക്ലൈന്റുകളെ കണ്ടെത്താന്‍ ജിം ഉടമ അയാളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സമയമായിരുന്നു അത്. ബോക്‌സിങ് പരിശീലനത്തിനുള്ള ഒരു സ്ഥലമായി മാത്രമാണ് താന്‍ ഈ ജിമ്മിനെ കാണുന്നതെന്നും അതിന് വേണ്ടി മാത്രമാണ് താന്‍ ഒരു ബോക്‌സിങ് പരിശീലകനായതെന്നും ഹാവോ കുന്‍ ലെയിങ്ങിനോട് പറഞ്ഞു. അയാളോട് അടുപ്പം തോന്നിയ ലെയിങ് ഹാവോ കുനിന്റെ ആദ്യ ബോക്‌സിങ് സ്റ്റുഡന്റാകാന്‍ സമ്മതിക്കുന്നു.
കുറച്ചു നാളുകള്‍ക്ക് ശേഷം ഹാവോ കുന്‍ ജിമ്മിലെ ബോക്‌സിങ് കോമ്പിറ്റേഷനില്‍ പങ്കെടുക്കുന്നു. അതില്‍ വിജയിച്ചാല്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടും. എന്നാല്‍ ജിമ്മില്‍ കൂടെയുള്ള മറ്റൊരു കോച്ചിനോട് തോല്‍ക്കാനായിരുന്നു അയാളുടെ വിധി. അന്ന് രാത്രി താന്‍ ഈ മത്സരത്തില്‍ വിജയിക്കണമായിരുന്നുവെന്ന് പറഞ്ഞ് ഹാവോ കുന്‍ മദ്യപിച്ച് ലെയിങ്ങിനോട് സങ്കടം പറയുന്നു. അന്ന് മദ്യപിച്ചിരിക്കുന്ന ഹാവോ കുനിനെ വേറെ മാര്‍ഗമില്ലാതെ ലെയിങ് അവളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു.
അടുത്ത ദിവസം, ഹാവോ കുന്‍ ജിമ്മിലെ തന്റെ ജോലി ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും ബോക്‌സിങ് പ്രാക്ടീസ് തുടരുന്ന കാര്യം അവളോട് സംസാരിക്കുന്നു. അയാള്‍ അന്ന് തന്നെ ലെയിങ്ങിനൊപ്പം ആ അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയും ചെയ്തു. ഇതിനിടയില്‍ അവള്‍ ഹാവോ കുനിന് സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി നേരത്തെ വിജയിച്ച കോച്ചിന് പണം നല്‍കുന്നു.അതോടെ അയാള്‍ പിന്മാറുകയും ഹാവോ കുനിന് പകരം മത്സരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു.
അന്ന് മുതല്‍ ഹാവോ കുനിനെ സഹായിക്കാന്‍ ലെയിങ് എപ്പോഴും കൂടെ ഉണ്ടായിരുന്നു. അയാള്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ അവള്‍ കൂടെ നില്‍ക്കും. അയാളെ ജിമ്മില്‍ നിന്ന് ഏല്‍പ്പിക്കുന്ന പ്രൊമോഷണല്‍ വര്‍ക്കുകള്‍ പോലും അവള്‍ ചെയ്തു കൊടുത്തു. എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ്, ഹാവോ കുന്‍ തന്റെ എതിരാളിയുടെ അച്ഛനില്‍ നിന്ന് പണം വാങ്ങി മനഃപൂര്‍വം തോറ്റു കൊടുക്കുകയും മത്സരത്തിന് ശേഷം താന്‍ വിരമിക്കുമെന്ന് പറയുകയും ചെയ്യുന്നു.
ബോക്സിങ് ഉപേക്ഷിക്കരുതെന്ന് ഹാവോ കുനിനെ മനസിലാക്കിക്കാന്‍ ലെയിങ് ശ്രമിച്ചെങ്കിലും അതൊക്കെ വെറുതെയാകുന്നു. പണത്തെക്കാള്‍ വലുത് ഒരു തവണയെങ്കിലും വിജയിക്കുന്നത് ആണെന്ന് ലെയിങ് പറയുന്നു. എന്നാല്‍ അത് അയാള്‍ സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, സുഹൃത്തുക്കളോട് ലെയിങ് തന്റെ ഗേള്‍ഫ്രണ്ടല്ലെന്നും ഒരു ക്ലൈന്റ് മാത്രമാണെന്നും പറയുന്നു. അന്ന് നിരാശയോടെ ജോലി ചെയ്യുന്ന റെസ്റ്റോറന്റില്‍ എത്തിയ ലെയിങ്ങിനെ അവളുടെ മുതലാളി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. അവള്‍ സ്വയ രക്ഷക്കായി അയാളെ തല്ലുകയാണ്. അന്ന് അവളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നത് കസിന്‍ ആയ ഡൗഡൂവാണ്.
അവിടെ വെച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ലെയിങ് സമ്മതിക്കുന്നു. എന്നാല്‍ മുമ്പ് അമ്മയോടൊപ്പം ഷൂട്ട് ചെയ്ത ലെയിങ്ങിന്റെ വീഡിയോ തെറ്റായി എഡിറ്റ് ചെയ്താണ് അവര്‍ ഷോയുടെ ഇടയില്‍ കാണിക്കുന്നത്. അതില്‍ സ്വന്തം അമ്മയെ അപമാനിച്ച ഒരു മോശം മകളായാണ് ലെയിങ്ങിനെ ചിത്രീകരിക്കുന്നത്. പിന്നാലെ അവള്‍ സ്റ്റേജില്‍ ബോധരഹിതയായി വീണത് പോലെ അഭിനയിക്കുന്നു. അന്ന് ആ ഷോ കണ്ട എല്ലാവരും അവളെ ശകാരിക്കും.
തകര്‍ന്ന മനസോടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അവള്‍ ജിമ്മിലെ പരസ്യം കാണുന്നു. ‘നിങ്ങള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ വിജയിച്ചിട്ടുണ്ടോ?’ എന്നതായിരുന്നു അതിലെ വാചകം. അത് കണ്ട അവള്‍ ബോക്‌സിങ് ഗൗരവമായി എടുക്കാന്‍ തീരുമാനിക്കുകയും മറ്റൊരു കോച്ചിന്റെ കീഴില്‍ പരിശീലനം നടത്തുകയും ചെയ്യുന്നു. ഒരു വര്‍ഷത്തെ കഠിനമായ ബോക്‌സിങ് പരിശീലനത്തിന്റെ ഭാഗമായി ലെയിങ് 50 കിലോഗ്രാം അതായത് 110 പൗണ്ട് ശരീര ഭാരം കുറക്കുന്നു. ഒപ്പം ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കാന്‍ സെലക്ടും ആകുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരാളുടെ പകരക്കാരിയായി അവള്‍ക്ക് അവസരം ലഭിച്ചു. ഇതിനിടയില്‍ അച്ഛന്‍ അവളെ കാണാന്‍ എത്തി. വീട്ടിലേക്ക് തിരിച്ചു വരാന്‍ അയാള്‍ ആവശ്യപെട്ടു. അങ്ങനെ ബോക്‌സിങ് പ്രാക്ടീസിന്റെ ഇടയില്‍ അച്ഛന്റെ കടയില്‍ സഹോദരിയെ സഹായിക്കാന്‍ അവള്‍ നില്‍ക്കുന്നു. ഇതിനിടയില്‍ ബോക്‌സിങ് ഉപേക്ഷിച്ച് ഒരു നിര്‍മാണ തൊഴിലാളിയായി മാറിയ ഹാവോ കുനിനെ അവള്‍ കാണുന്നുണ്ട്. തന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് ലെയിങ് അയാളെ ക്ഷണിച്ചു.
മത്സരത്തില്‍, പ്രൊഫഷണല്‍ ബോക്സറും മുന്‍ ചാമ്പ്യനുമായ ലിയു ഹോങ്സിയയെ ആയിരുന്നു അവള്‍ക്ക് നേരിടേണ്ടത്. അവിടെ അവള്‍ പരാജയപ്പെടുന്നു. എന്നാല്‍ ലിയുവിന്റെ പഞ്ചില്‍ നിലത്ത് വീണപ്പോഴൊക്കെ അവള്‍ പിന്‍മാറാതെ വാശിയോടെ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഇടക്ക് ഏറെക്കുറെ അബോധാവസ്ഥയിലായ ലെയിങ് തന്റെഭൂതകാലത്തെ കുറിച്ച് ഓര്‍മിച്ചു.
അന്ന് സഹോദരിയുമായി വഴക്കുണ്ടാക്കി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ സഹോദരി സ്വത്തുക്കള്‍ കൈമാറാന്‍ ആയി നല്‍കിയ പേപ്പറില്‍ അവള്‍ ഒപ്പിട്ടു കൊടുത്തിരുന്നു. അന്ന് ലിലിയുടെ അഭ്യര്‍ത്ഥന പ്രകാരം അവള്‍ ലിലിയുടെയും കാമുകന്റെയും കല്യാണത്തിന് താത്പര്യം ഇല്ലാതെ ആണെങ്കിലും പോയിരുന്നു. അന്ന് അപാര്‍ട്ട്‌മെന്റില്‍ വെച്ച് ഹാവോ കുനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്പോള്‍ അയാള്‍ക്ക് വേണ്ടി അവള്‍ കള്ളം പറഞ്ഞിരുന്നു. അന്ന് ഷോയില്‍ കസിന്‍ ആയ ഡൗഡൗവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അവള്‍ ബോധം പോയത് പോലെ അഭിനയിച്ചത്. അവിടെ ഡൗഡു മനഃപൂര്‍വം അവളെ നെഗറ്റീവ് ലൈറ്റില്‍ കാസ്റ്റു ചെയ്യുകയായിരുന്നു എന്ന് അവള്‍ക്ക് മനസിലായതാണ്.
അന്ന് ഷോയില്‍ നിന്ന് മടങ്ങിയ ലെയിങ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അവിടെയും അവള്‍ പരാജയപ്പെട്ടു. അതിനിടയിലാണ് ജിമ്മിന്റെ പരസ്യം കാണുന്നത്. ‘നിങ്ങള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ വിജയിച്ചിട്ടുണ്ടോ?’. എല്ലായിടത്തും പരാജയപ്പെട്ട അവള്‍ക്ക് ഒരു തവണയെങ്കിലും വിജയിക്കണമായിരുന്നു. അതിനാണ് അവള്‍ ബോക്‌സിങ്ങിന് തയ്യാറായത്.
അന്ന് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ അവളുടെ അമ്മയും അച്ഛനും സഹോദരിയും സഹോദരിയുടെ മകളും ഹാവോ കുനുമെല്ലാം എത്തിയിരുന്നു. ആ ചാമ്പ്യന്‍ഷിപ്പില്‍ ലിയു ഹോങ്സിയോട് ലെയിങ് പരാജയപ്പെട്ടെങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരും അവള്‍ക്കായി കൈയ്യടിച്ചു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫൈറ്റാണ് ഇതെന്ന് അവളുടെ കോച്ചും പറഞ്ഞു. ആ മത്സരം കഴിഞ്ഞ് അവിടെ നിന്നിറങ്ങിയ ലെയിങ്ങിനോട് സംസാരിക്കാന്‍ ഹാവോ കുന്‍ അവളുടെ അടുത്തേക്കെത്തി. ലെയിങ്ങുമായുള്ള റിലേഷന് വീണ്ടും താത്പര്യമുണ്ടെന്ന രീതിയില്‍ അയാള്‍ അവളെ ഡിന്നറിന് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം നിരസിച്ച് ലെയിങ് അവിടുന്ന് മുന്നോട്ട് നടന്നു.
ആ സിനിമ അവിടെ അവസാനിക്കുമ്പോഴാണ് ‘ലിങ്, നിങ്ങളുടെ ശരീര ഭാരം 50 കിലോഗ്രാം കുറഞ്ഞാല്‍ നിങ്ങള്‍ ആദ്യം എന്താകും ചെയ്യാന്‍ പോകുന്നത്?’ എന്ന് ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ സംവിധായകയായ ജിയ ലിങ്ങിനോട് ചോദിക്കുന്നത്. സിനിമയുടെ അവസാനം മുടി അഴിച്ചിട്ട് ഒരു വെള്ള ഗൗണുമിട്ട് കടലിലേക്ക് നോക്കി നില്‍ക്കുന്ന ലിങ്ങിനെ കാണാം. അവള്‍ പറഞ്ഞത് പോലെ 50 കിലോ ശരീര ഭാരം കുറച്ചിരുന്നു. പക്ഷെ ആഗ്രഹിച്ചത് പോലെ മുടി കെട്ടിയിരുന്നില്ല.
‘ഈ കടല്‍ക്കാറ്റ് എന്റെ ചുരുണ്ട മുടിയെ വേണ്ടത്ര ചലിപ്പിക്കുന്നില്ല. അതുകൊണ്ട് ഹെയര്‍സ്‌റ്റൈലിസ്റ്റ് എന്റെ മുടി സ്‌ട്രെയിറ്റ് ചെയ്തു. എന്നാല്‍ ഭാവിയില്‍ മുടി കെട്ടി ഒരുങ്ങാന്‍ ഇനിയും അവസരങ്ങളുണ്ട്, അല്ലേ?’ ജിയ ലിങ് ചോദിക്കുന്നു. അവസാനം ലിങ് വരച്ച ഒരു ചിത്രവും കാണിക്കുന്നു. ഒരു പെണ്‍കുട്ടി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ വനിതാ സംവിധായികയാണ് ലിങ്. ഹായ്, മോം എന്ന തന്റെ സിനിമയിലൂടെ വണ്ടര്‍ വുമണ്‍ എന്ന സിനിമയിലൂടെ പാറ്റി ജെങ്കിന്‍സ് മുമ്പ് സ്ഥാപിച്ചിരുന്ന റെക്കോര്‍ഡ് ആയിരുന്നു അവള്‍ മറികടന്നത്.
Content Highlight: Jia Ling’s YOLO Chinese Movie Explain