| Thursday, 18th February 2021, 5:38 pm

ഒന്നരക്കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓസീസ് താരം 14 കോടിയ്ക്ക് പഞ്ചാബില്‍; കോഹ്‌ലിയടക്കം സ്വന്തമാക്കാന്‍ ശ്രമിച്ച ജൈ റിച്ചാര്‍ഡ്‌സണ്‍ ആരാണ്?

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ 2021 സീസണിലേക്കുള്ള താരലേലത്തില്‍ ഫ്രാഞ്ചൈസികളുടെ കണ്ണിലുടക്കിയത് ഒരു ഓസ്‌ട്രേലിയന്‍ യുവതാരമാണ്. ജൈ റിച്ചാര്‍ഡ്‌സണ്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്ന് വര്‍ഷത്തെ പരിചയം മാത്രമുള്ള റിച്ചാര്‍ഡ്‌സണെ റാഞ്ചാന്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരടക്കം മൂന്ന് ഫ്രാഞ്ചൈസികളാണ് മത്സരിച്ചത്.

എന്നാല്‍ 14 കോടി മുടക്കാന്‍ തയ്യാറായ പഞ്ചാബ് കിംഗ്‌സാണ് ലേലത്തില്‍ വിജയിച്ചത്. ബാംഗ്ലൂരിനെക്കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സും റിച്ചാര്‍ഡ്‌സണിനായി വലവീശി.

24 കാരനായ റിച്ചാര്‍ഡ്‌സണെ അങ്ങനെ കാരണമില്ലാതെയല്ല പഞ്ചാബ് 14 കോടി മുടക്കി സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമാണെങ്കില്‍ ബിഗ് ബാഷ് ലീഗിലെ തീപ്പൊരി ബൗളറാണ് റിച്ചാര്‍ഡ്‌സണ്‍. കഴിഞ്ഞ സീസണില്‍ പെര്‍ത്ത് സ്‌ക്രോച്ചേര്‍സിനായി 29 വിക്കറ്റാണ് താരം കൊയ്തത്.

റിച്ചാര്‍ഡ്‌സന്റെ മികവില്‍ സ്‌ക്രോച്ചേഴ്‌സ് ലീഗിലെ ഫൈനലിലെത്തിയിരുന്നു. ഇത് തന്നെയാണ് ഒന്നരക്കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന റിച്ചാര്‍ഡ്‌സണെ സ്വന്തമാക്കാന്‍ 14 കോടി മുടക്കാന്‍ പഞ്ചാബ് തയ്യാറായത്.

അതേസമയം 2021 സീസണിലേക്കുള്ള താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ് തുക. 16 കോടി രൂപ. ഡല്‍ഹി ടീമാണ് യുവിയെ മുന്‍പ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നത്.

ഓസീസ് വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.

ഇംഗ്ലണ്ട് താരം മോയിന്‍ അലിയെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jhye Richardson sold for Rs 14 crore Who is is? IPL 2021

We use cookies to give you the best possible experience. Learn more