ബോളിവുഡിന് പുറത്തേക്ക് രാഷ്ട്രീയ, സാംസ്‌കാരിക ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് പത്താന്‍ സിനിമയാണ്. ബേഷരംഗ് രംഗ് എന്ന പാട്ടിന് പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളും ബി.ജെ.പി മന്ത്രിമാരുമുള്‍പ്പെടെ രംഗത്ത് വന്നത്. നായികയായ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി ബിക്കിനിയാണ് സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്.
ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയില്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും റിലീസിന് ഒരുങ്ങുകയാണ്. 22നാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വരുന്നത്. ജൂം ജോ പത്താന്‍ എന്ന പാട്ടിന്റെ റിലീസിന് മുന്നോടിയായി ഷാരൂഖും ദീപികയും ഒന്നിച്ചുള്ള സ്റ്റില്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് ഷെയര്‍ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ജനുവരി 25നാണ് പത്താന്‍ റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം പത്താന്‍ സിനിമക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളില്‍ നടന്‍ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ഒരു കലാരൂപത്തെ ഇത്തരം നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ ദുഖമുണ്ടെന്നാണ് കാപ്പ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് പൃഥ്വിരാജ് പറഞ്ഞത്.
സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചത്. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.
പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.
ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: jhoom jo pathaan second song pathaan is releasing on december 22