കൊച്ചി: കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനവും, യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മൂന്നു സീറ്റ് ലഭിക്കാതെ പോയത് തന്റെ വീഴ്ചയാണെന്നും യു.ഡി.എഫുമായി തനിക്ക് ഇനിയൊരു ബന്ധവുമില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഇനി യു.ഡി.എഫിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും നെല്ലൂര്‍ പറഞ്ഞു.
ചതിയന്‍മാര്‍ക്കു മാത്രമേ രാഷ്ട്രീയത്തില്‍ വിലയുള്ളൂവെന്നും തന്നെ കൂടെ കൊണ്ടു നടന്നു ചതിച്ചത് കോണ്‍ഗ്രസാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തനിക്കെതിരെ ഗൂഡാലോചന നടത്താനുള്ള കഴിവൊന്നും അനൂപ് ജേക്കബിനില്ല. മുറിവേല്‍പ്പിച്ചവര്‍ക്കൊപ്പം നിന്നു ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും നെല്ലൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പിറവം മാത്രമാണ് ജേക്കബ് വിഭാഗത്തിന് ലഭിച്ചിരുന്നത്. അങ്കമാലി സീറ്റ് ലഭിക്കണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അങ്കമാലിയില്‍ റോജി ജോണിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. വിഷയത്തില്‍ പാര്‍ട്ടിയും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചിരുന്നു.