മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ജോണി ആന്റണി. സംവിധായകനായി തന്റെ കരിയർ ആരംഭിച്ച ജോണി ആന്റണി നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു നടൻ കൂടിയാണ്.
നിരവധി സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച ജോണി ആന്റണി ആദ്യമായി മമ്മൂട്ടിയെ നായകനാക്കി ഒരുക്കി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു തുറുപ്പുഗുലാൻ. തുറുപ്പുഗുലാനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
തുറുപ്പുഗുലാൻ സിനിമ ഷൂട്ട് തുടങ്ങിയ ദിവസം തനിക്ക് മറക്കാൻ ആവില്ലെന്നാണ് ജോണി ആന്റണി പറയുന്നത്. ഷൂട്ട് തുടങ്ങുന്നതിന് അരമണിക്കൂർ മുന്നേ തനിക്കൊരു മകൾ ജനിച്ചെന്ന് കോൾ വന്നെന്നും അതറിഞ്ഞ മമ്മൂട്ടി ഭാഗ്യമായിട്ടായിരിക്കും മകൾ വന്നതെന്നും പറഞ്ഞെന്ന് ജോണി ആന്റണി പറയുന്നു. നിലവിൽ തനിക്ക് അഭിനയിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹം എന്നും ക്ലബ്ബ് എഫ്. എമ്മിനോട് അദ്ദേഹം പറഞ്ഞു.
‘2006 ജനുവരി 25 നാണ് തുറുപ്പുഗുലാൻ ഷൂട്ട് തുടങ്ങുന്നത്. ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. കാരണം ഷൂട്ടിങ് സെറ്റിലേക്ക് മമ്മൂക്ക വരുന്നതിന്റെ ഒരു അര മണിക്കൂർ മുൻപ് എനിക്കൊരു കോൾ വന്നു. എനിക്കൊരു മോൾ ഉണ്ടായി എന്നായിരുന്നു കോൾ വന്നത്. ഇളയ മകൾ ആയിരുന്നു അത്.
അത് അറിഞ്ഞപ്പോൾ മമ്മൂക്ക അന്ന് പറഞ്ഞത് ഭാഗ്യമായിട്ടായിരിക്കും മോൾ വന്നത് എന്നായിരുന്നു. അത് സത്യമായിരുന്നു, പടം വലിയ വിജയമായി മാറി.
ഞാൻ മലയാളത്തിലെ വരാൻ പോകുന്ന അടുത്ത പ്രിയദർശനാണെന്ന് ചിലർ പറഞ്ഞതിനെ കുറിച്ചൊന്നും എനിക്കറിയില്ല. എന്തായാലും പ്രിയദർശൻ ആയില്ലല്ലോ.
പുതിയ സിനിമകളുടെ സംവിധാനത്തെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല. കാരണം അഭിനയം ഞാൻ നന്നായിട്ട് എൻജോയ് ചെയ്യുന്നുണ്ട്. അഭിനയം അങ്ങോളം അങ്ങ് തുടരട്ടെ എന്നാണ് ആഗ്രഹം.