റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കെതിരെ ആദ്യ ദിവസങ്ങളിൽ തന്നെ ഉയർന്നുവരുന്ന നെഗറ്റീവ് റിവ്യൂകൾ വലിയ രീതിയിൽ സിനിമകളെ ബാധിക്കുന്നുണ്ടെന്നാണ് സിനിമാ മേഖല ഒന്നാകെ പറയുന്നത്. പ്രശ്നത്തിൽ ഹൈക്കോടതിയടക്കം ഇടപെട്ട് കഴിഞ്ഞു. ഈ സന്ദർഭത്തിൽ ഇതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി.
‘സിനിമ ഇറങ്ങി കഴിഞ്ഞ് ആദ്യ പ്രദർശനത്തിന് ശേഷം തന്നെ അതിനെ അടിച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്,’ജോണി ആന്റണി പറയുന്നു. പുതിയ ചിത്രം തോൽവി.എഫ്.സി യുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിവ്യൂസും സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതുമെല്ലാം സിനിമ ഉണ്ടായ കാലം മുതലേയുള്ള ഒന്നാണ്. സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കി സിനിമ കണ്ടിട്ട് അതിൽ വ്യക്തിപരമായ അഭിപ്രായം പറയുന്നതിൽ ഒരു തെറ്റുമില്ല. ചില ആളുകൾക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റു ചിലർക്ക് ഇഷ്ടമാവാറുണ്ട്. എന്നാൽ ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് ആദ്യ പ്രദർശനത്തിന് ശേഷം തന്നെ അതിനെ അടിച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.
വ്യക്തിപരമായി അഭിനേതാക്കളെയോ സിനിമയിലെ മറ്റുള്ളവരെയൊ വേദനിപ്പിക്കുന്ന തരത്തിൽ അവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരെ മറ്റു പേരുകളിട്ട് വിളിക്കുന്ന പ്രവണതയെല്ലാം എങ്ങനെയാണ് ഫിലിം റിവ്യൂ ആവുന്നത്. അതിനുള്ള അവകാശം ആരാണ് കൊടുത്തിട്ടുള്ളത്. എല്ലാവർക്കും ഒരു പരസ്പരം ബഹുമാനമില്ലേ. അതിനെ മാനിക്കണം.
സിനിമ കണ്ടാൽ അതിനകത്ത് കുറ്റങ്ങളും കുറവുകളും തീർച്ചയായും ഉണ്ടാവും. അത് തീർച്ചയായും പറയുക തന്നെ വേണം. അത് കേൾക്കാൻ സിനിമ എടുക്കുന്നവർ ബാധ്യസ്ഥരുമാണ്. ഞാൻ പറയുന്നത് മനഃപൂർവം നമ്മളെ ഇല്ലാതാക്കുന്ന രീതിയിലുള്ള, ഞങ്ങളാണ് ഇനി സിനിമയുടെ ഭാവിയും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്ന തരത്തിലുള്ള പ്രകടനങ്ങൾ ഇനി നിരൂപണം നടത്തുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നാണ്. കാരണം ഒരുപാട് കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കുന്നവരും, അത് കണ്ട് വിലയിരുത്തുന്ന യഥാർത്ഥ പ്രേക്ഷകരുമാണ് സിനിമ നിലനിർത്തുന്നത്.
ഞങ്ങളാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഹുങ്ക് ആർക്കും നല്ലതല്ല. നാളെ എനിക്കിത് നെഗറ്റീവായിട്ട് ബാധിക്കുമായിരിക്കും, പക്ഷെ ബാധിച്ചാലും സത്യം പറയണമല്ലോ. അതുകൊണ്ടാണ് ഞാൻ പറയുന്നത്,’ജോണി ആന്റണി പറയുന്നു.
Content Highlight: Jhony Antony Talk About Negative Reviews Against Films